വാട്സണ്‍ നല്‍കിയ മുന്‍തൂക്കം കൈവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷെയിന്‍ വാട്സണ്‍ നേടിയ മികവാര്‍ന്ന അര്‍ദ്ധ ശതകത്തിന് ശേഷം പത്തോവറില്‍ 90 റണ്‍സെന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയോട് 10 റണ്‍സ് തോല്‍വിയേറ്റ് വാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബാറ്റ്സ്മാന്മാര്‍ റണ്‍സ് കണ്ടെത്തുാന്‍ ബുദ്ധിമുട്ടിയതിന് സമാനമായ കാഴ്ചയാണ് ചെന്നൈയുടെ ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിലും കണ്ടത്. 20 ഓവറില്‍ നിന്ന് ചെന്നൈയ്ക്ക് 157 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

കഴിഞ്ഞ മത്സരത്തിലേത് പോലെ ഓപ്പണര്‍മാര്‍ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച തരത്തിലാണ് ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും ബാറ്റിംഗ് ആരംഭിച്ചതെങ്കിലും നാലാം ഓവറില്‍ 10 പന്തില്‍ 17 റണ്‍സ് നേടിയ ഫാഫിനെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ശിവം മാവി കൊല്‍ക്കത്തയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി പവര്‍പ്ലേയില്‍ ചെന്നൈയ്ക്ക് കൊല്‍ക്കത്തയെക്കാള്‍ വെറും 2 റണ്‍സ് മാത്രമായിരുന്നു അധികം. 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് ടീം നേടിയത്.

ഡു പ്ലെസിയ്ക്ക് പകരം ക്രീസിലെത്തിയ റായിഡുവും വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ പത്തോവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 90 റണ്‍സ് നേടി. 13ാം ഓവറിലെ ആദ്യ പന്തില്‍ അമ്പാട്ടി റായിഡുവിന്റെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമാകുകയായിരുന്നു. 69 റണ്‍സ് കൂട്ടുകെട്ടിന് ശേഷമാണ് 30 റണ്‍സ് നേടിയ റായിഡു മടങ്ങിയത്. കമലേഷ് നാഗര്‍കോടിയ്ക്കാണ് വിക്കറ്റ്.

അതെ ഓവറില്‍ തന്നെ 39 പന്തില്‍ നിന്ന് ഷെയിന്‍ വാട്സണ്‍ തന്റെ അര്‍ദ്ധ ശതകം നേടി. അവസാന 7 ഓവറില്‍ 67 റണ്‍സായിരുന്നു ആ ഘട്ടത്തില്‍ ചെന്നൈ നേടേണ്ടിയിരുന്നത്. ക്രീസില്‍ അര്‍ദ്ധ ശതകം തികച്ച ഷെയിന്‍ വാട്സണും ഒരു റണ്‍സ് നേടിയ എംഎസ് ധോണിയുമായിരുന്നു ക്രീസില്‍.

സുനില്‍ നരൈന്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തില്‍ അര്‍ദ്ധ ശതകം നേടിയ ഷെയിന്‍ വാട്സണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അമ്പയറുടെ തീരുമാനം വാട്സണ്‍ പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു.

Sunilnarine

16ാം ഓവറില്‍ സുനില്‍ നരൈനെ ഒരു സിക്സും ഫോറും പറത്തി സാം കറന്‍ മത്സരത്തില്‍ വീണ്ടും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. ഇതോടെ അവസാന നാലോവറില്‍ ലക്ഷ്യം 44 റണ്‍സായി മാറി. നരൈന്റെ ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ ഓവര്‍ അവസാനിച്ചപ്പോള്‍ 14 റണ്‍സ് ആണ് ചെന്നൈ നേടിയത്.

വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ ഒരു ബൗണ്ടറി നേടിയെങ്കിലും ധോണിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ചക്രവര്‍ത്തി അന്തിമ വിജയം നേടുകയായിരുന്നു. 11 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. ഓവറില്‍ നിന്ന് 5 റണ്‍സ് മാത്രം നല്‍കിയാണ് വരുണ്‍ ചക്രവര്‍ത്തി ധോണിയുടെ വലിയ വിക്കറ്റ് നേടിയത്.

അടുത്ത ഓവറില്‍ ആദ്യമായി മത്സരത്തില്‍ പന്തെറിയാനെത്തിയ ആന്‍ഡ്രേ റസ്സല്‍ സാം കറന്റെ വിക്കറ്റ് നേടി മത്സരം ചെന്നൈയ്ക്ക് കൂടുതല്‍ ദുഷ്കരമാക്കി. 11 പന്തില്‍ 17 റണ്‍സാണ് സാം കറന്‍ നേടിയത്. ഓവറില്‍ നിന്ന് വെറും 3 റണ്‍സ് വന്നപ്പോള്‍ ചെന്നൈയ്ക്ക് അവസാന രണ്ടോവറില്‍ 36 റണ്‍സ് നേടേണ്ടതായി വന്നു.

നരൈന്‍ എറിഞ്ഞ ഓവറില്‍ രണ്ട് ബൗണ്ടറി മാത്രം ചെന്നൈ ബാറ്റ്സ്മാന്മാര്‍ നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 26 റണ്‍സായി മാറി. കേധാര്‍ ജാഥവ് നേരിട്ട അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രം താരം നേടിയപ്പോള്‍ ജഡേജ അവസാന മൂന്ന് പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 14 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം 10 റണ്‍സ് അകലെയായി ചെന്നൈയ്ക്ക് കീഴടങ്ങേണ്ടി വന്നു. 8 പന്തില്‍ 21 റണ്‍സാണ് രവീന്ദ്ര ജഡേജ നേടിയത്.