രണ്ട് സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആവേശ ജയം. ആദ്യം മത്സരവും തുടർന്ന് ആദ്യത്തെ സൂപ്പർ ഓവറും സമനിലയിലായതോടെയാണ് മത്സരം രണ്ടാമത്തെ സൂപ്പർ ഓവറിൽ എത്തിയത്. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 11 റൺസാണ് നേടിയത്. തുടർന്ന് കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്ത ക്രിസ് ഗെയ്‌ലും മായങ്ക് അഗർവാളും ചേർന്ന് 2 പന്ത് ബാക്കി നിൽക്കെ കിങ്‌സ് ഇലവൻ പഞ്ചാബിന് ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പർ ഓവറിൽ മായങ്ക് അഗർവാൾ രണ്ട് ബൗണ്ടറിയും ക്രിസ് ഗെയ്ൽ ഒരു സിക്‌സും നേടി. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന കിങ്‌സ് ഇലവൻ പഞ്ചാബിന് ഈ വിജയം മികച്ച ആത്മവിശ്വാസം നൽകും.
ആദ്യ സൂപ്പർ ഓവറിൽ ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 5 റൺസാണ് എടുത്തത്. മുംബൈ ഇന്ത്യൻസിന് വേണ്ടി പന്തെറിഞ്ഞ ബുംറ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ 2 വിക്കറ്റുകളും വീഴ്ത്തുകയും ചെയ്തു. നിക്കോളാസ് പൂരന്റെയും കെ.എൽ രാഹുലിന്റെയും വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. തുടർന്ന് 6 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് വേണ്ടി രോഹിത് ശർമ്മയും ക്വിന്റൺ ഡി കോക്കുമാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. എന്നാൽ കണിശമായ രീതിയിൽ പന്തെറിഞ്ഞ മുഹമ്മദ് ഷമി മുംബൈ ഇന്ത്യൻസ് സ്കോർ 5ൽ ഒതുക്കി മത്സരം രണ്ടാം സൂപ്പർ ഓവറിൽ എത്തിച്ചു. തുടർന്നാണ് മത്സരം രണ്ടാം സൂപ്പർ ഓവറിൽ എത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബ് അവസാന പന്തിൽ സമനില പിടിക്കുകയായിരുന്നു.