യു.എ.ഇയിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങുന്ന ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായി രാജസ്ഥാൻ റോയൽസ്. ഒക്ടോബർ 12ന് യു.എ.ഇയിൽ അക്കാദമി തുടങ്ങുന്ന കാര്യം രാജസ്ഥാൻ റോയൽസ് തന്നെയാണ് അറിയിച്ചത്. മിഡിൽ ഈസ്റ്റിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ അക്കാദമിയാണെങ്കിൽ ലോകമെമ്പാടുമുള്ള തങ്ങളുടെ രണ്ടാമത്തെ അക്കാദമിയാണ് രാജസ്ഥാൻ യു.എ.ഇയിൽ തുടങ്ങുന്നത്.
യു.എ.ഇയിലെ സ്പോർട്സ് കൗൺസിൽ കമ്പനിയായ റെഡ് ബെയർ സ്പോർട്സിന്റെ സഹകരണത്തോടെയാണ് രാജസ്ഥാൻ റോയൽസ് യു.എ.ഇയിൽ അക്കാദമി തുടങ്ങുന്നത്. യു.എ.ഇയിൽ ക്രിക്കറ്റ് വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇവിടെ അക്കാദമി ആരംഭിച്ചതെന്ന് രാജസ്ഥാൻ റോയൽസ് സി.ഓ.ഓ ലഷ് മാക്ക്രം പറഞ്ഞു.
അക്കാദമിയുടെ പ്രവർത്തനങ്ങൾ എല്ലാം രാജസ്ഥാൻ റോയൽസ് അക്കാദമി ഡയറക്ടർ ഗ്രെയിം ക്രീമാറുടെ നേതൃത്വത്തിലാവും നടക്കുക. 6 മുതൽ 19 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിരിക്കും അക്കാദമിയിൽ പ്രവേശനം ഉണ്ടാവുക.