ഐപിഎല്‍ വേണ്ടെന്ന് വെച്ചത് കുടുംബത്തിനും ഇംഗ്ലണ്ടിനും വേണ്ടി – മാര്‍ക്ക് വുഡ്

ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പാണ് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ലേലത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുവാനും ഇംഗ്ലണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുമാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് മാര്‍ക്ക് വുഡ് വ്യക്തമാക്കി.

ലേലത്തില്‍ പങ്കെടുത്ത് തന്നെ ഒരു ടീം തിരഞ്ഞെടുക്കുകയാണെങ്കില്‍ പിന്നീട് ടീമിനോട് താന്‍ ഈ വര്‍ഷത്തെ ഐപിഎലില്‍ ഉണ്ടാകില്ലെന്ന് അറിയിക്കുന്നത് ശരിയായ കാര്യമല്ലെന്ന് തനിക്ക് തോന്നിയെന്നും അതാണ് വൈകിയ വേളയില്‍ ആണെങ്കിലും തന്റെ തീരുമാനം ഉചിതമായെന്ന് തനിക്ക് തോന്നുന്നതെന്നും മാര്‍ക്ക് വുഡ് അറിയിച്ചു.

തനിക്ക് വലിയ ഒരു അവസരവും വലിയ തുകയുമായിരിക്കാം നഷ്ടപ്പെട്ടതെങ്കിലും താന്‍ തന്റെ തീരുമാനത്തില്‍ സംതൃപ്തനാണെന്ന് മാര്‍ക്ക് വുഡ് വ്യക്തമാക്കി.