സിക്സടി വീരനായി സഞ്ജു, ഫിനിഷിംഗ് ടച്ചുമായി ഹെറ്റ്മ്യര്‍, ത്രില്ലറിൽ ഗുജറാത്തിനെ വീഴ്ത്തി രാജസ്ഥാന്‍

Sports Correspondent

Shimronhetmyer
Download the Fanport app now!
Appstore Badge
Google Play Badge 1

ഇരു ടീമിന്റെ പക്ഷത്തേക്കും മാറി മറിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ കൗണ്ടര്‍ അറ്റാക്കിംഗ് ക്രിക്കറ്റുമായി രാജസ്ഥാന്റെ വിജയം. 19.2 ഓവറിൽ 179 റൺസ് നേടിയാണ് 3 വിക്കറ്റ് വിജയം നേടുവാന്‍ രാജസ്ഥാന് സാധിച്ചത്. ഒരു ഘട്ടത്തിൽ 4/2 എന്ന നിലയിലായിരുന്ന ടീമിനെ സഞ്ജു സാംസണും ഷിമ്രൺ ഹെറ്റ്മ്യറും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്.

Sanjusamson

മൊഹമ്മദ് ഷമിയും ഹാര്‍ദ്ദിക് പാണ്ഡ്യയും എറിഞ്ഞ ഓപ്പണിംഗ് സ്പെല്‍ അതിജീവിക്കുവാന്‍ രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. യശസ്വി ജൈസ്വാളിനെ ഹാര്‍ദ്ദിക് പുറത്തിക്കയപ്പോള്‍ ഷമിയെ സ്കൂപ്പ് ചെയ്യുവാന്‍ ശ്രമിച്ച ജോസ് ബട്‍ലറുടെ കുറ്റി പറക്കുന്നതാണ് ഏവരും കണ്ടത്.

പിന്നീട് ദേവ്ദത്ത് പടക്കിലും സഞ്ജു സാംസണും ചേര്‍ന്ന് 43 റൺസ് കൂട്ടുകെട്ടുമായി രാജസ്ഥാനെ മെല്ലെ മുന്നോട്ട് നയിക്കുകയായിരുന്നു. പടിക്കലിനെയും(26) റിയാന്‍ പരാഗിനെയും റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 55/4 എന്ന നിലയിലേക്ക് വീണു.

Rashidkhan

സഞ്ജുവിന് കൂട്ടായി ഹെറ്റ്മ്യര്‍ എത്തിയ ശേഷമാണ് രാജസ്ഥാന്റെ ഇന്നിംഗ്സിന് വേഗത കൈവരിച്ചത്. സഞ്ജു റഷീദ് ഖാനെ ഒരോവറിൽ ഹാട്രിക്ക് സിക്സുകള്‍ പായിച്ചപ്പോള്‍ നിര്‍ണ്ണായക ബൗണ്ടറികളുമായി ഹെറ്റ്മ്യറും കസറി. 59 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ നൂര്‍ അഹമ്മദിനെ ഒരു സിക്സിനും ഫോറിനും സഞ്ജു പറത്തിയെങ്കിലും അടുത്ത പന്തിലും വലിയ അടി ആവര്‍ത്തിക്കുവാന്‍ ശ്രമിച്ച് താരം പുറത്താകുകയായിരുന്നു. 32 പന്തിൽ നിന്ന് 60 റൺസായിരുന്നു സഞ്ജുവിന്റെ സംഭാവന.

Noorahmad

സഞ്ജു പുറത്തായ ശേഷം അൽസാരി ജോസഫ് എറിഞ്ഞ മത്സരത്തിന്റെ 16ാം ഓവറിൽ ഷിമ്രൺ ഹെറ്റ്മ്യര്‍ രണ്ട് സിക്സും ധ്രുവ് ജുറെൽ ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് 20 റൺസ് പിറന്നു. ഇതോടെ അവസാന നാലോവറിൽ 44 റൺസായി രാജസ്ഥാന്റെ ലക്ഷ്യം മാറി.

നൂറ് അഹമ്മദ് തന്റെ രണ്ടാം ഓവറിൽ 8 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ 18 പന്തിൽ 36 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാന് മുന്നിലെ ലക്ഷ്യം.

18ാം ഓവറിൽ റഷീദ് ഖാനെതിരെ ഹെറ്റ്മ്യര്‍ ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 13 റൺസാണ്. ഇതോടെ 2 ഓവറിൽ 23 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.

മൊഹമ്മദ് ഷമിയെ ആദ്യ പന്തിൽ സിക്സ് പറത്തിയ ജുറെലിനെ തൊട്ടടുത്ത പന്തിൽ ഷമി പുറത്താക്കിയപ്പോള്‍ താരം 10 പന്തിൽ 18 റൺസിന്റെ നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്. അടുത്ത പന്തിൽ അശ്വിന്‍ ബൗണ്ടറി നേടിയപ്പോള്‍ തൊട്ടടുത്ത പന്തിൽ അശ്വിന്‍ സിക്സര്‍ കൂടി നേടിയതോടെ ലക്ഷ്യം വെറും 7 റൺസായി മാറി. എന്നാൽ അശ്വിനെ പുറത്താക്കി ഷമി രാജസ്ഥാന്റെ ഏഴാം വിക്കറ്റ് നേടി. 3 പന്തിൽ 10 റൺസായിരുന്നു അശ്വിന്റെ സംഭാവന.

ഇതോടെ അവസാന ഓവറിൽ 7 റൺസായി മാറി രാജസ്ഥാന്റെ ലക്ഷ്യം. അവസാന ഓവര്‍ എറിയുവാന്‍ ഹാര്‍ദ്ദിക് നൂര്‍ അഹമ്മദിനെ നിയോഗിച്ചപ്പോള്‍ ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ സിക്സും നേടി 4 പന്ത് ബാക്കി നിൽക്കേ രാജസ്ഥാന്‍ വിജയം കുറിച്ചു.

26 പന്തിൽ 56 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്. താരം 5 സിക്സുകള്‍ നേടി.