156 റൺസ് മാത്രമാണ് നേടിയതെങ്കിലും കൊല്‍ക്കത്തയ്ക്കെതിരെ 8 റൺസ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. ആന്‍ഡ്രേ റസ്സൽ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം പുറത്തായതോടെ കൊല്‍ക്കത്തയുടെ വിജയ മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു.
8 വിക്കറ്റ് നഷ്ടത്തിൽ 148 റൺസിൽ കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തി.
157 റൺസ് തേടിയിറങ്ങിയ ടീമിന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ടോപ് ഓര്‍ഡറിൽ ആര്‍ക്കും തിളങ്ങാനാകാതെ പോയപ്പോള്‍ 34/4 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണു. പിന്നീട് 35 റൺസ് നേടിയ റിങ്കു സിംഗ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 45 റൺസാണ് റിങ്കു സിംഗും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് അഞ്ചാം വിക്കറ്റി. നേടിയത്.
അധികം വൈകാതെ വെങ്കിടേഷ് അയ്യരും(17) മടങ്ങിയതോടെ എല്ലാ ചുമതലയും ആന്‍ഡ്രേ റസ്സലിന് മേലെ ആയി. 108/7 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ റസ്സലും ഉമേഷും കൂടി കരുതലോടെ മുന്നോട്ട് നീക്കി. അവസാന മൂന്നോവറിൽ 37 റൺസായിരുന്നു കൊല്‍ക്കത്തയ്ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്.
ലോക്കി ഫെര്‍ഗൂസൺ 18ാം ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും ഉമേഷ് യാദവ് ഒരു സിക്സ് പറത്തിയെങ്കിലും ഓവറിൽ നിന്ന് 8 റൺസ് മാത്രമാണ് വന്നത്. ഇതോടെ 12 പന്തിൽ 29 റൺസായി ലക്ഷ്യം മാറി. യഷ് ദയാൽ എറിഞ്ഞ 19ാം ഓവറിൽ ഒരു സിക്സ് അടക്കം 11 റൺസ് പിറന്നപ്പോള്‍ 18 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയുവാന്‍ അൽസാരി ജോസഫ് ആണ് എത്തിയത്.
ഓവറിലെ ആദ്യ പന്ത് റസ്സൽ സിക്സര്‍ പറത്തിയപ്പോള്‍ ലക്ഷ്യം 5 പന്തിൽ 12 ആയി മാറി. എന്നാൽ തൊട്ടടുത്ത പന്തിൽ റസ്സൽ പുറത്തായതോടെ കൊല്‍ക്കത്തയുടെ സാധ്യതകള്‍ അവസാനിക്കുന്നതാണ് കണ്ടത്. 25 പന്തിൽ 48 റൺസ് നേടിയ റസ്സലിനെ ഒരു മിന്നും ക്യാച്ചിലൂടെയാണ് ലോക്കി ഫെര്‍ഗൂസൺ പിടിച്ചത്. താരം 6 സിക്സാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, യഷ് ദയാൽ, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.