പ്രീമിയർ ലീഗിൽ 100 ഗോളുകൾ തികച്ച് റൊണാൾഡോ

പ്രീമിയർ ലീഗ് കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു ക്രിസ്റ്റിയാനോ റൊണാൾഡോ. ഇന്ന് ആഴ്‌സണലിന് എതിരായ 3-1 ന്റെ പരാജയം നേരിട്ട മത്സരത്തിൽ യുണൈറ്റഡിനു ആയി റൊണാൾഡോ ആശ്വാസ ഗോൾ നേടിയിരുന്നു. 2003 ൽ പോർട്സ്മൗത്തിനു എതിരെ തന്റെ ആദ്യ ഗോൾ നേടിയ റൊണാൾഡോ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആണ്.

റയാൻ ഗിഗ്‌സ്, പോൾ സ്‌കോൾസ്, വെയിൻ റൂണി എന്നിവർ ആണ് മുമ്പ് ഈ നേട്ടത്തിൽ എത്തിയ യുണൈറ്റഡ് താരങ്ങൾ. തന്റെ ഗോൾ ഈ അടുത്ത് മരണപ്പെട്ട തന്റെ മകന് ആയി റൊണാൾഡോ സമർപ്പിച്ചു. 223 മത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ ആണ് റൊണാൾഡോ ഈ നേട്ടത്തിൽ എത്തുന്നത്. 100 ഗോളുകൾ നേടുന്ന 33 മത്തെ താരം കൂടിയാണ് റൊണാൾഡോ. സീസണിൽ ലീഗിൽ താരത്തിന്റെ പതിനാറാം ഗോൾ കൂടിയായിരുന്നു ഇത്.