ഐപിഎൽ ഫൈനലില്‍ ചെന്നൈ ഗുജറാത്ത് പോരാട്ടം. ഇന്ന് മുംബൈയ്ക്കെതിരെ 233 റൺസിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം നൽകിയ ശേഷം എതിരാളികളെ 171 റൺസിലൊതുക്കി 62 റൺസ് വിജയം കരസ്ഥമാക്കിയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്ക് എത്തുന്നത്. 18.2 ഓവറിലാണ് മുംബൈ ഓള്‍ഔട്ട് ആയത്.
നെഹാൽ വദേരയെയും രോഹിത് ശര്‍മ്മയെയും തുടക്കത്തിലെ നഷ്ടമായ മുംബൈയ്ക്ക് കാമറൺ ഗ്രീനിനെ പരിക്കിന്റെ രൂപത്തിൽ നഷ്ടമായി. 21/2 എന്ന നിലയിലായിരുന്ന മുംബൈയെ മുന്നോട്ട് നയിച്ചത് തിലക് വര്‍മ്മയുടെ പ്രകടനം ആയിരുന്നു. ഷമിയെ ഒരോവറിൽ 4 ഫോറിനും ഒരു സിക്സിനും പറത്തി തിലക് വര്‍മ്മ മുംബൈയുടെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.
പവര്‍പ്ലേയുടെ അവസാന പന്തിൽ റഷീദ് ഖാന്‍ തിലക് വര്‍മ്മയെ വീഴ്ത്തിയപ്പോള്‍ താരം 14 പന്തിൽ നിന്ന് 43 റൺസാണ് നേടിയത്. 3 വിക്കറ്റ് നഷ്ടത്തിൽ 72 റൺസായിരുന്നു മുംബൈ പവര്‍പ്ലേയിൽ നേടിയത്. ഗ്രീനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റിൽ 52 റൺസ് നേടിയപ്പോള്‍ 20 പന്തിൽ 30 റൺസ് നേടിയ ഗ്രീനിനെ ജോഷ്വ ലിറ്റിൽ പുറത്താക്കി.
മത്സരം അവസാന 8 ഓവറിലേക്ക് കടന്നപ്പോള്‍ മുംബൈ 106 റൺസായിരുന്നു നേടേണ്ടിയിരുന്നത്. സൂര്യകുമാര്‍ യാദവ് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അവസാന ആറോവറിൽ നിന്ന് 85 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. 19 പന്തിൽ നിന്ന് സൂര്യ – വിഷ്ണു കൂട്ടുകെട്ട് 31 റൺസ് നേടിയപ്പോള്‍ മോഹിത് ശര്‍മ്മയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 38 പന്തിൽ നിന്ന് 61 റൺസായിരുന്നു സൂര്യകുമാര്‍ നേടിയത്. ഈ കൂട്ടുകെട്ടിൽ വിഷ്ണുവിന്റെ സംഭാവന 5 റൺസ് മാത്രമായിരുന്നു.
അതേ ഓവറിൽ വിഷ്ണു വിനോദിനെ പുറത്താക്കി മുംബൈയുടെ 6ാം വിക്കറ്റ് മോഹിത് ശര്‍മ്മ വീഴ്ത്തി. റഷീദ് ഖാന്‍ ടിം ഡേവിഡിനെ പുറത്താക്കിയപ്പോള്‍ മുംബൈയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. മോഹിത് ശര്‍മ്മ 5 വിക്കറ്റ് നേടിയപ്പോള്‍ 18.2 ഓവറിൽ മുംബൈ ഓള്‍ഔട്ടായി.