കിൽ ഗിൽ!!! ഗില്ലിന്റെ ശതകത്തിൽ ഗുജറാത്തിന് 233 റൺസ്

Sports Correspondent

Shubmangill

ശുഭ്മന്‍ ഗില്ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കെതിരെ 233 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗിൽ സിക്സടി മേളവുമായി ബാറ്റിംഗിൽ കസറിയപ്പോള്‍ താരം ഈ സീസണിലെ തന്റെ മൂന്നാമത്തെ ശതകമാണ് നേടിയത്. 10 സിക്സുകള്‍ അടക്കം 60 പന്തിൽ നിന്ന് 129 റൺസാണ് ഗിൽ നേടിയത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.

Wriddhimansahashubmangill

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 50 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. ഗിൽ നൽകിയ അവസരം ടിം ഡേവിഡ് പവര്‍പ്ലേയിലെ അവസാന ഓവറിൽ നഷ്ടമാക്കുകയായിരുന്നു. ഗിൽ കൂടുതൽ അപകടകാരിയായി കളിച്ചപ്പോള്‍ സാഹ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു.

Wriddhimansaha

18 റൺസ് നേടിയ സാഹയെ പിയൂഷ് ചൗള പുറത്താക്കുമ്പോള്‍ 54 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. സായി സുദര്‍ശനെ കൂട്ടുപിടിച്ച് മുംബൈ ബൗളര്‍മാരെ ഗിൽ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 138 റൺസാണ് നേടിയത്.

49 പന്തിൽ നിന്ന് തന്റെ ശതകം ഗിൽ പൂര്‍ത്തിയാക്കിയപ്പോള്‍ അതേ ഓവറിൽ ഈ കൂട്ടുകെട്ട് നൂറ് റൺസ് പൂര്‍ത്തിയാക്കി.  129 റൺസ് നേടിയ ഗില്ലിനെ ആകാശ് മാദ്വൽ ആണ് പുറത്താക്കിയത്. 7  ഫോറും 10 സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്.

31 പന്തിൽ 41 റൺസ് നേടിയ സായി സുദര്‍ശന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 13 പന്തിൽ 28 റൺസ് നേടി ഗുജറാത്തിനെ 233 റൺസിലേക്ക് നയിച്ചു.