ഐപിഎലില്‍ ഇന്ന് രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനും ബാംഗ്ലൂരും ഏറ്റുമുട്ടും. മുമ്പ് ഇരു ടീമുകളും ഈ സീസണിൽ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയം ആണ് ഇരുവരും സ്വന്തമാക്കിയത്. ഇതുവരെ ഒരു കിരീടം സ്വന്തമാക്കാനാകാത്ത ആര്‍സിബിയും ആദ്യ സീസണിലെ നേട്ടം മാത്രം കൈയ്യിലുള്ള രാജസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഫൈനലില്‍ ഗുജറാത്തിനെ നേരിടുവാന്‍ ഇരു ടീമുകളും വെമ്പൽ കൊള്ളുകയാണ്.
ആദ്യ ക്വാളിഫയറിൽ അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കാനാകാതെയാണ് രാജസ്ഥാനെത്തുന്നതെങ്കില്‍ ആധികാരിക ജയത്തോടെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. രാജസ്ഥാന്‍ സഞ്ജു സാംസണിലും ജോസ് ബട്‍ലറിലും വളരെ അധികം ആശ്രയിക്കുന്നുവെന്നതും ഒരു ബൗളിംഗ് ഓള്‍റൗണ്ടറുടെ അഭാവവും ടീമിനെ അലട്ടുമ്പോള്‍ ടോപ് ഓര്‍ഡറിൽ ഫാഫു കോഹ്‍ലിയും റൺസ് കണ്ടെത്തുന്നില്ല എന്നതാണ് ബാംഗ്ലൂരിന്റെ തലവേദന.
സഞ്ജു സാംസണിൽ നിന്ന് ഒരു വലിയ ഇന്നിംഗ്സ് വന്നാൽ താരം സ്കോര്‍ ചെയ്യുന്ന വേഗത പരിഗണിക്കുമ്പോള്‍ അത് രാജസ്ഥാനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. താന്‍ മികച്ച ഫോമിലാണെന്ന് താരം കഴിഞ്ഞ മത്സരത്തിൽ തെളിയിക്കുകയും ചെയ്തു. ജോസ് ബട്‍ലര്‍ ഈ സീസണ്‍ തുടങ്ങിയ തരത്തിൽ ബാറ്റ് വീശുന്നില്ലെങ്കിലും മെല്ലെ തുടങ്ങി അടിച്ച് തകര്‍ക്കുവാന്‍ താരത്തിന് കഴിഞ്ഞ മത്സരത്തിൽ സാധിച്ചത് രാജസ്ഥാന് ആശ്വാസമാണ്. ഫിനിഷറുടെ റോളിൽ ഷിമ്രൺ ഹെറ്റ്മ്യറുടെ സാന്നിദ്ധ്യം ടീമിന് ആത്മവിശ്വാസം നൽകും.
അതേ സമയം രജത് പടിദാറിന്റെ ഫോമും ടൂര്‍ണ്ണമെന്റിലുടനീളം മികവ് തെളിയിച്ച കാര്‍ത്തിക്കും ആണ് ബാംഗ്ലൂരിന്റെ കരുത്ത്. വിരാട് കോഹ്ലി, മാക്സ്വെൽ, ഫാഫ് ഡു പ്ലെസി തുടങ്ങിയവര്‍ ഫോമിലേക്ക് ഉയര്‍ന്നാൽ ഏത് സ്കോറും നിഷ്പ്രയാസം മറികടക്കാവുന്ന ബാറ്റിംഗ് നിരയാണ് ബാംഗ്ലൂരിന്റേത്.
ബൗളിംഗിൽ പേപ്പറിൽ കരുത്തര്‍ രാജസ്ഥാന്‍ ആണ്. അതിന് കാരണം ടീമിലെ മുന്‍ നിര സ്പിന്നര്‍മാരായ ചഹാലും അശ്വിനും തന്നെയാണ്. എന്നാൽ ഗുജറാത്തിനെതിരെ ഇവര്‍ക്ക് ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയത് ടീമിന് വലിയ തിരിച്ചടിയായി മാറി. അതേ സമയം ജോഷ് ഹാസൽവുഡും വനിന്‍ഡു ഹസരംഗയും ആര്‍സിബിയുടെ പ്രതീക്ഷയാണ്.
ഡെത്ത് ബൗളിംഗ് ആണ് രാജസ്ഥാനെ അലട്ടുന്ന പ്രധാന പ്രശ്നമെങ്കിൽ ഹര്‍ഷൽ പട്ടേലിന്റെ സാന്നിദ്ധ്യം ഈ വിഭാഗത്തിൽ ബാംഗ്ലൂരിന് കരുത്തേകുന്നു.
ഇരു ടീമുകളും മാറ്റങ്ങളില്ലാതെ മത്സത്തിനിറങ്ങും എന്നാണ് കരുതപ്പെടുന്നത്.