ടോസ് നേടി കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡര്‍. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കൊല്‍ക്കത്തയെ 164 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. തുടക്കം പതറിയെങ്കിലും വിക്കറ്റുകള്‍ മറുവശത്ത് വീണെങ്കിലും നിലയുറപ്പിച്ച് തന്റെ അര്‍ദ്ധ ശതകം നേടിയ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനവും നിര്‍ണ്ണായകമായിരുന്നു.
29 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് അവസാന പന്തില്‍ റണ്ണൗട്ട് ആകുകയായിരുന്നു. കിംഗ്സ് ഇലവന്‍ നിരയില്‍ യുവ താരം അര്‍ഷ്ദീപ് സിംഗ് ആണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്.
കഴിഞ്ഞ ഇന്നിംഗ്സില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി ഇന്ന് ക്രീസില്‍ പ്രയാസപ്പെടുന്നതാണ് ആദ്യ ഓവറുകളില്‍ കണ്ടത്. ഷമി താരത്തിന്റെ കുറ്റി തെറിപ്പിക്കുമ്പോള്‍ 10 പന്തില്‍ നിന്ന് 4 റണ്‍സാണ് ത്രിപാഠി നേടിയത്. നിതീഷ് റാണ റണ്ണൗട്ട് രൂപത്തില്‍ അടുത്ത ഓവറില്‍ പുറത്തായപ്പോള്‍ 14/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത പ്രതിരോധത്തിലായി.
ഓയിന്‍ മോര്‍ഗനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയെ മൂന്നാം വിക്കറ്റില്‍ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ അവസാനിക്കുമ്പോള്‍ 25 റണ്‍സ് നേടിയ കൂട്ടുകെട്ട് രവി ബിഷ്ണോയി 10.4 ഓവറില്‍ തകര്‍ക്കുകയായിരുന്നു. 24 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗന്‍ പുറത്താകുമ്പോള്‍ ഈ കൂട്ടുകെട്ട് 49 റണ്‍സ് കൂടി സ്കോറിനോട് കൂട്ടി ചേര്‍ത്തിരുന്നു.
നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയപ്പോളാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് വേഗത കൈവന്നത്. 22 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ ദിനേശ് കാര്‍ത്തിക്കിന് ശുഭ്മന്‍ ഗില്‍ പിന്തുണ കൊടുത്തപ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.
57 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ റണ്ണൗട്ടായപ്പോളാണ് ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്. 43 പന്തില്‍ നിന്ന് 81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അടുത്ത ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ഗില്ലിന് പകരം ക്രീസിലെത്തിയ റസ്സലിനെ മടക്കിയയ്ക്കുകയായിരുന്നു.