ആദ്യ രണ്ട് കളികള്‍ ജയിച്ച ഷാര്‍ജ്ജയിലും ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം ടീം ഇന്നത്തെ മത്സരത്തിലും തുടര്‍ന്നപ്പോള്‍ 185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 19.4 ഓവറില്‍ 138 റണ്‍സ് മാത്രമേ നേടുവാനായുള്ളു. 46 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി ഇന്ന് നേടിയത്. ഇതോടെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടിക്കൊടുത്തതില്‍ ഫീല്‍ഡര്‍മാരുടെ പങ്ക് ഏറെ വലുതായിരുന്നു. നാലോളം തകര്‍പ്പന്‍ ക്യാച്ചുകളാണ് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ഇന്ന് പൂര്‍ത്തിയാക്കിയത്.
ജോസ് ബട്‍ലര്‍ കഴിഞ്ഞ തവണത്തെ പോലെ മിന്നും തുടക്കം നല്‍കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അശ്വിന്റെ ഓവറില്‍ മികച്ചൊരു ക്യാച്ച് ശിഖര്‍ ധവാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 13 റണ്‍സ് നേടിയ താരം മടങ്ങി. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്. പിന്നീട് മെല്ലെയെങ്കിലും യശസ്വി ജൈസ്വാലും സ്റ്റീവ് സ്മിത്തും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും വീണ്ടുമൊരു മികച്ച ക്യാച്ച് പൂര്‍ത്തിയാക്കി ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ടീമിനെ പിന്തുണച്ചു. 24 റണ്‍സ് നേടിയ സ്മിത്തിനെ ആന്‍റിക് നോര്‍കിയയുടെ ഓവറില്‍ ഹെറ്റ്മ്യര്‍ പിടിച്ചാണ് പുറത്താക്കിയത്. 8.1 ഓവറില്‍ 56/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ ആ ഘട്ടത്തില്‍.
പത്തോവറി 65 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ സ്റ്റോയിനിസിനെ സിക്സറോട് കൂടിയാണ് യശസ്വി ജൈസ്വാല്‍ വരവേറ്റതെങ്കിലും അതെ ഓവറില്‍ സഞ്ജു വലിയ ഷോട്ടിന് ശ്രമിച്ച് ഹെറ്റ്മ്യറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
അടുത്ത ഓവറില്‍ മഹിപാല്‍ ലോംറോറിനെ(1) അശ്വിന്‍ പുറത്താക്കിയപ്പോള്‍ 34 റണ്‍സ് നേടിയ ജൈസ്വാലിനെ പുറത്താക്കി സ്റ്റോയിനിസ് തന്റെ രണ്ടാം വിക്കറ്റ് നേടി. 72/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു.
ഇതിനിടെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് ആന്‍ഡ്രൂ ടൈയും മടങ്ങിയപ്പോള്‍ അവസാന 6 ഓവറില്‍ 96 എന്ന വലിയ ലക്ഷ്യമായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. റബാഡയും മികച്ച ക്യാച്ചിലൂടെയാണ് അക്സര്‍ പട്ടേലിന് ഈ വിക്കറ്റ് നേടിക്കൊടുത്തത്.
38 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ റബാഡയാണ് താരത്തെ പുറത്താക്കിയത്. ഡല്‍ഹി ബൗളര്‍മാരില്‍ കാഗിസോ റബാഡ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.