റോളണ്ട് ഗാരോസിൽ 99 ജയം കുറിച്ച് നദാൽ പതിമൂന്നാം ഫൈനലിലേക്ക്, ഷോർട്ടിയെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പണിൽ സെമിഫൈനലിലെ അപരാജിത കുതിപ്പ് തുടർന്ന് റാഫേൽ നദാൽ. പതിമൂന്നാം പ്രാവശ്യം ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറിയ രണ്ടാം സീഡ് ആയ നദാൽ തന്റെ പതിമൂന്നാം കിരീടം ആണ് പാരീസിൽ ലക്ഷ്യം വക്കുക. പന്ത്രണ്ടാം സീഡ് ആയ അർജന്റീന താരം ഡീഗോ ഷ്വാർട്ട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റാഫ മറികടന്നത്. ഇതോടെ റോം ഓപ്പണിൽ ഏറ്റ പരാജയത്തിന് നദാൽ ഡീഗോയോട് പ്രതികാരം ചെയ്തു. ഫ്രഞ്ച് ഓപ്പണിലെ 99 മത്തെ ജയം ആണ് നദാലിന് ഇത്. മികച്ച സർവീസുകൾ ഉതിർത്ത നദാലിന് എതിരെ 12 തവണയാണ് ഷ്വാർട്ട്സ്മാൻ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചത്. എന്നാൽ ഇതിൽ മൂന്ന് എണ്ണം മാത്രമേ ഷോർട്ടിക്ക് മുതലാക്കാൻ ആയുള്ളൂ. അതേസമയം സൃഷ്ടിച്ച ഒമ്പതിൽ ആറു ബ്രൈക്ക് പോയിന്റുകളും മുതലാക്കിയ നദാൽ മത്സരം വേഗം സ്വന്തം വരുതിയിലാക്കി.

ആദ്യ സെറ്റ് 6-3 നു നേടി എതിരാളിക്ക് മുന്നറിയിപ്പ് നൽകിയ നദാൽ ഏതാണ്ട് സമാനമായി തന്നെ രണ്ടാം സെറ്റും 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ഷ്വാർട്ട്സ്മാൻ പൊരുതാൻ ഉറച്ചപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രേക്കറിൽ ഒരു ഗെയിം പോലും നഷ്ടമാവാതെ റാഫ പതിമൂന്നാം ഫൈനലിലേക്ക് അനായാസം മുന്നേറി. ഫൈനലിൽ ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച് അഞ്ചാം സീഡ് സ്റ്റെഫനാസ്‌ സ്റ്റിസ്റ്റിപാസ് മത്സരവിജയിയെ ആണ് നദാൽ നേരിടുക. പതിമൂന്നാം ഫ്രഞ്ച് ഓപ്പണും ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടവും ലക്ഷ്യം വക്കുന്ന നദാൽ ഇത് വരെ റോളണ്ട് ഗാരോസിൽ ഒരു സെറ്റ് പോലും കൈവിട്ടിട്ടില്ല.