18 പന്തില്‍ 29 റണ്‍സെന്ന നിലയില്‍ നിന്ന് ജയം പിടിച്ചെടുക്കുവാന്‍ അവസരം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. അവസാന ഓവറുകളില്‍ കൃത്യതയോടെ എറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ ടീമിനെ രാജസ്ഥാനെതിരെ രണ്ടാം വിജയം നേടിക്കൊടുക്കുകയായിരുന്നു. 20 ഓവറില്‍ 148/8 എന്ന നിലയില്‍ ആണ് രാജസ്ഥാന്‍ തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിച്ചേ. 13 റണ്‍സിന്റെ വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ നാല് രാജസ്ഥാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് രാജസ്ഥാന്റെ തോല്‍വിയ്ക്ക് കാരണം.
ജോസ് ബട്‍ലറും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് മിന്നും തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. ആന്‍റിക് നോര്‍ക്കിയയുടെ ഓവറില്‍ ആദ്യ പന്ത് സിക്സ് അടിച്ച് വരവേറ്റ ബട്‍ലര്‍ രണ്ട് ബൗണ്ടറി കൂടി നേടുകയായിരുന്നു. എന്നാല്‍ അവസാന പന്തില്‍ ബട്‍ലറുടെ കുറ്റി തെറിപ്പിച്ച് നോര്‍ക്കിയ വിജയം കണ്ടത്തുകയായിരുന്നു.
ഓവറില്‍ നിന്ന് 16 റണ്‍സ് വന്നുവെങ്കിലും 9 പന്തില്‍ നിന്ന് 22 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന ജോസ് ബട്‍ലറുടെ വിക്കറ്റ് ഡല്‍ഹിയ്ക്ക് വലിയ ആശ്വാസമായി മാറി. 3 ഓവറില്‍ 37 റണ്‍സായിരുന്നു ഒന്നാം വിക്കറ്റില്‍ ബട്‍ലറും സ്റ്റോക്സും ചേര്‍ന്ന് നേടിയത്.
തൊട്ടടുത്ത ഓവറില്‍ രവിചന്ദ്രന്‍ അശ്വിനെ രംഗത്തിറക്കിയ ശ്രേയസ്സ് അയ്യര്‍ക്ക് അതിന്റെ ഗുണം ലഭിച്ചു. സ്റ്റീവ് സ്മിത്തിനെ(1) സ്വന്തം ബൗളിംഗില്‍ അശ്വിന്‍ കൈക്കലാക്കുമ്പോള്‍ 4 ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 40/2 എന്ന നിലയിലേക്ക് വീണു.
പിന്നീട് ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് മികച്ചൊരു മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പുറത്തെടുത്ത് മത്സരം ഡല്‍ഹിയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ തുഷാര്‍ ദേശ്പാണ്ടേ സ്റ്റോക്സിനെ ഡഗ്ഗ്ഔട്ടിലേക്ക് മടക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് 41 റണ്‍സാണ് സ്റ്റോക്സ് നേടിയത്.
46 റണ്‍സാണ് സ്റ്റോക്സും സഞ്ജുവും ചേര്‍ന്ന് നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സഞ്ജു സാംസണെയും രാജസ്ഥാന് നഷ്ടമായതോടെ ടീം 97/4 എന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായി. 25 റണ്‍സായിരുന്നു സഞ്ജു നേടിയത്. അക്സര്‍ പട്ടേലാണ് ഡല്‍ഹിയ്ക്ക് സഞ്ജുവിന്റെ വിലയേറിയ വിക്കറ്റ് നേടിക്കൊടുത്തത്.
അടുത്തോവറില്‍ ഉത്തപ്പയും റിയാന്‍ പരാഗും തമ്മിലുള്ള ആശയക്കുഴപ്പം പരാഗിനെ റണ്ണൗട്ടാക്കുകയായിരുന്നു. 24 റണ്‍സ് നേടുന്നതിനിടെയാണ് രാജസ്ഥാന് 3 വിക്കറ്റ് നഷ്ടമായത്. 86/2 എന്ന നിലയില്‍ നിന്ന് 110/5 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. സഞ്ജുവിന്റെ വിക്കറ്റ് നേടിയ അക്സര്‍ ആയിരുന്നു ഡയറക്ട് ഹിറ്റിലൂടെ പരാഗിനെ മടക്കിയത്.
തുഷാര്‍ ദേശ്പാണ്ടേയുടെ ഓവറില്‍ ക്രീസിലെത്തിയ രാഹുല്‍ തെവാത്തിയ താന്‍ നേരിട്ട ആദ്യ പന്ത് ക്യാച്ച് നല്‍കിയെങ്കിലും ആന്‍റിക് നോര്‍കിയേ കൈവിടുകയായിരുന്നു. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 29 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നേടേണ്ടിയിരുന്നത്.
18ാം ഓവറില്‍ റോബിന്‍ ഉത്തപ്പയെ(32) പുറത്താക്കി നോര്‍ക്കിയേ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. ജോസ് ബട്‍ലറെ പുറത്താക്കിയത് പോലെ ഉത്തപ്പയുടെ സ്റ്റംപുകളും ദക്ഷിണാഫ്രിക്കന്‍ പേസര്‍ തെറിപ്പിക്കുകയായിരുന്നു. ഓവറില്‍ നിന്ന് 4 റണ്‍സ് മാത്രമേ രാജസ്ഥാന് നേടാനായുള്ളു.
12 പന്തില്‍ 25 റണ്‍സെന്ന ലക്ഷ്യം മുന്നിലുള്ളപ്പോള്‍ രാജസ്ഥാന്റെ പ്രതീക്ഷ മുഴുവന്‍ രാഹുല്‍ തെവാത്തിയയിലായിരുന്നു. ഒപ്പം മറുവശത്ത് ജോഫ്ര ആര്‍ച്ചറും. ആര്‍ച്ചറെ പുറത്താക്കി കാഗിസോ റബാഡ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. റബാഡ എറിഞ്ഞ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് താരം വിട്ട് നല്‍കിയത്. ഇതോടെ അവസാന ഓവറില്‍ 22 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങേണ്ട അവസ്ഥയിലായി രാഹുല്‍ തെവാത്തിയ.
അവസാന ഓവറില്‍ നിന്ന് വെറും 8 റണ്‍സ് മാത്രമേ രാഹുല്‍ തെവാത്തിയയ്ക്കും ശ്രേയസ്സ് ഗോപാലിനും നേടാനായുള്ളു. അവസാന അഞ്ചോവറില്‍ നിന്ന് വെറും 25 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.