ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നിര്‍ണ്ണായകമായ രണ്ടാം ക്വാളിഫയറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് ടോസ് നേടി ഡല്‍ഹിയെ ബാറ്റിംഗിനിയയ്ച്ച ചെന്നൈ മൂന്നാം ഓവറില്‍ തന്നെ പൃഥ്വി ഷായെ പുറത്താക്കി ആദ്യ പ്രഹരം ഡല്‍ഹിയ്ക്ക് ഏല്പിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ ചെന്നൈ വീഴ്ത്തിയപ്പോള്‍ ഋഷഭ് പന്തും(38) കോളിന്‍ മണ്‍റോയും(27) മാത്രമാണ് ഡല്‍ഹി നിരയില്‍ അല്പമെങ്കിലും ചെറുത്ത് നില്പ് നടത്തിയത്.
മധ്യ ഓവറുകളില്‍ ഡ്വെയിന്‍ ബ്രാവോയും താഹിറും ഹര്‍ഭജനുമെല്ലാം കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ ഡല്‍ഹി ബുദ്ധിമുട്ടി. ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. ബ്രാവോയാണ് ചെന്നൈ ബൗളര്‍മാരില്‍ ഏറെ മികവ് പുലര്‍ത്തിയത്. ബ്രാവോ തന്റെ നാലോവറില്‍ 19 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയത്.
ജഡേജ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി ഡല്‍ഹി വാലറ്റത്തിന്റെ പ്രകടനമാണ് ടീമിനെ 147 റണ്‍സിലേക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ എത്തിച്ചത്. ഇഷാന്ത് 3 പന്തില്‍ നിന്ന് 10 റണ്‍സുമായി പുറത്താകാതെ നിന്നു. 20ാം ഓവറില്‍ 16 റണ്‍സാണ് ജഡേജ വഴങ്ങിയത്.