ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമ്പോള്‍ താരങ്ങള്‍ക്ക് അത് ഗുണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും ഇംഗ്ലണ്ട് താരവുമായ ജോസ് ബട്‍ലര്‍. താരങ്ങളില്‍ നിന്ന് ഭയവും സമ്മര്‍ദ്ദവും ഈ മാറ്റത്തോടെ കുറയുകയും ഇല്ലാതാകുകയും ചെയ്യുന്നുവെന്നാണ് ജോസ് ബട്‍ലര്‍ പറയുന്നത്.
ശബ്ദവും ആരവവും ഒഴിഞ്ഞ് നില്‍ക്കുന്ന സാഹചര്യവുമായി താരങ്ങള്‍ ഇപ്പോള്‍ പൊരുത്തപ്പെട്ട് വരുന്നുവെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി. ശബ്ദരഹിതമായ അന്തരീക്ഷത്തോട് വലിയ സ്റ്റേജില്‍ കളിച്ച ശീലിച്ച താരങ്ങള്‍ക്ക് പൊരുത്തപ്പെടുവാന്‍ അത്ര എളുപ്പമല്ലെങ്കിലും മെല്ലെ ആ സാഹചര്യവുമായി താരങ്ങളെല്ലാം പൊരുത്തപ്പെടുകയാണെന്നും ബട്‍ലര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ആരാധകരുടെ ഗ്രൗണ്ടിലെ പ്രകടനം ഏറെ വ്യത്യസ്തമാണെന്നും അതിന്റെ നഷ്ടബോധം തോന്നുണ്ടെങ്കിലും ഫിയര്‍ ഫാക്ടര്‍ എന്നത് ഇപ്പോള്‍ താരങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് യുവ താരങ്ങളില്‍ നിന്ന്, ഒഴിഞ്ഞ് നില്‍ക്കുന്നുവെന്നാണ് ബട്‍ലറുടെ അഭിപ്രായം. ധോണിയെയും കോഹ്‍ലിയെയും പോലുള്ള വലിയ താരങ്ങള്‍ക്കെതിരെ കളിക്കുന്ന യുവ താരങ്ങള്‍ക്ക് കാണികളുണ്ടെങ്കിലുള്ള സമ്മര്‍ദ്ദവും ഇപ്പോളത്തെ സമ്മര്‍ദ്ദവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ബട്‍ലറുടെ വിലയിരുത്തല്‍.