മികച്ച രീതിയിൽ ബാറ്റിംഗ് തുടങ്ങിയ ഗുജറാത്തിനെ 168 റൺസിലൊതുക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ഐപിഎലിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവറുകളിൽ ഗുജറാത്തിനായി വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്.
ഗുജറാത്ത് 4 ഓവറിൽ 31 റൺസ് നേടി നിൽക്കുമ്പോളാണ് വൃദ്ധിമന്‍ സാഹയെ പുറത്താക്കി ബുംറ ടീമിന് ആദ്യ ബ്രേക്ക്ത്രൂ നൽകുന്നത്. 19 റൺസാണ് സാഹയുടെ സംഭാവന. ടീം സ്കോര്‍ 64ൽ എത്തിയപ്പോള്‍ 31 റൺസ് നേടിയ ഗില്ലിനെ പിയൂഷ് ചൗള രോഹിത്തിന്റെ കൈകളിലെത്തിച്ചു.
സായി സുദര്‍ശന്‍ – അസ്മത്തുള്ള ഒമര്‍ സാസായി കൂട്ടുകെട്ട് 40 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 17 റൺസ് നേടിയ സാസായിയെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കി. 12 റൺസ് നേടിയ ഡേവിഡ് മില്ലറെയും 45 റൺസ് നേടിയ സായി സുദര്‍ശനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ജസ്പ്രീത് ബുംറ ഗുജറാത്തിനെ 133/3 എന്ന നിലയിൽ നിന്ന് 134/5 എന്ന നിലയില്‍ പ്രതിരോധത്തിലാക്കി.
ജസ്പ്രീത് ബുംറ തന്റെ സ്പെൽ അവസാനിപ്പിക്കുമ്പോള്‍ 4 ഓവറിൽ 14 റൺസ് മാത്രം വിട്ട് നൽകി താരം 3 വിക്കറ്റാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ രാഹുല്‍ തെവാത്തിയ 15 പന്തിൽ 22 റൺസ് നേടി പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ ജെറാള്‍ഡ് കോയെറ്റ്സേ താരത്തെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് നേടി.