ബോള്‍ട്ട് സൃഷ്ടിച്ച സമ്മര്‍ദ്ദം തനിക്ക് ഗുണം ചെയ്തു – പ്രസിദ്ധ് കൃഷ്ണ

ഏഴ് പുതിയ താരങ്ങള്‍ രാജസ്ഥാന് വേണ്ടി ഇന്നലത്തെ മത്സരത്തിൽ തങ്ങളുടെ ആദ്യ മത്സരം കളിച്ചുവെങ്കിലും ആധിപത്യത്തോടെയുള്ള പ്രകടനം ആണ് ടീം പുറത്തെടുത്തത്. ബൗളിംഗിൽ രണ്ട് വീതം വിക്കറ്റ് നേടി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും തിളങ്ങിയപ്പോള്‍ ചഹാല്‍ മൂന്ന് വിക്കറ്റുമായി മുന്നിട്ട് നിന്നു.

ട്രെന്റ് ബോള്‍ട്ട് ഓപ്പണിംഗ് സ്പെല്ലിൽ സൃഷ്ടിച്ച സമ്മര്‍ദ്ദം ആണ് തനിക്ക് വിക്കറ്റ് നേടുവാന്‍ സഹായിച്ചതെന്നാണ് പ്രസിദ്ധ് കൃഷ്ണ വ്യക്തമാക്കിയത്. പിച്ചിൽ നിന്ന് മികച്ച ബൗൺസും സീമും ലഭിച്ചുവെന്നും ഗുഡ് ലെംഗ്ത്ത് ബോളുകള്‍ അടിക്കുവാന്‍ പ്രയാസം ആണെന്ന് ജോസ് ബട്‍ലര്‍ ബാറ്റിംഗിന് ശേഷം ബൗളര്‍മാരോട് പറഞ്ഞിരുന്നുവെന്നും കൃഷ്ണ വ്യക്തമാക്കി.