ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം അവസാന ഓവറുകളിൽ നേടുവാന്‍ കഴിയാതെ പോയപ്പോള്‍ മുംബൈയ്ക്കെതിരെ 200/5 എന്ന സ്കോറിലൊതുങ്ങി സൺറൈസേഴ്സ്. ഒരു ഘട്ടത്തിൽ 220ന് മേലെയുള്ള സ്കോറിലേക്ക് ടീം കുതിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് മാദ്വൽ ആണ് സൺറൈസഴ്സിന്റെ കുതിപ്പിന് തടയിട്ടത്.
കരുലോടെയുള്ള തുടക്കമാണ് വിവ്രാന്ത് ശര്‍മ്മയും മയാംഗ് അഗര്‍വാളും മത്സരത്തിൽ സൺറൈസേഴ്സിനായി നൽകിയത്. അവിടെ നിന്ന് ക്രിസ് ജോര്‍ദ്ദാനെ വിവ്രാന്ത് ഒരോവറിൽ തുടരെ ബൗണ്ടറി പായിച്ച് റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ മയാംഗ് ആയിരുന്നു കൂട്ടത്തിൽ മികച്ച റൺ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയത്. 53 റൺസാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പവര്‍പ്ലേയിൽ നേടിയത്.
പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 93 റൺസ് നേടിയ സൺറൈസേഴ്സിന് വേണ്ടി വിവ്രാന്ത് 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. പതിനൊന്നാം ഓവറിൽ ഈ കൂട്ടുകെട്ട് സൺറൈസേഴ്സിന്റെ സ്കോര്‍ നൂറ് കടത്തി. 33 പന്തിൽ മയാംഗ് തന്റെ സീസണിലെ ആദ്യ അര്‍ദ്ധ ശതകം നേടിയപ്പോള്‍ 13ാം ഓവറിൽ സൺറൈസേഴ്സിന്റെ സ്കോര‍് 130 റൺസായിരുന്നു.
140 റൺസ് ഒന്നാം വിക്കറ്റിനെ തകര്‍ത്തത് ആകാശ് മാദ്വൽ ആയിരുന്നു. 47 പന്തിൽ 69 റൺസ് നേടിയ വിവ്രാന്ത് പുറത്തായ ശേഷം മയാംഗ് അഗര്‍വാള്‍ തുടര്‍ന്നും തന്റെ മികവാര്‍ന്ന ഇന്നിംഗ്സ് പുറത്തെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ മയാംഗും ക്ലാസ്സനും ചേര്‍ന്ന 17 പന്തിൽ 34 റൺസ് കൂട്ടിചേര്‍ത്തു. ആകാശ് 46 പന്തിൽ 83 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 8 ഫോറും 4 സിക്സുമാണ് മയാംഗ് നേടിയത്.
18 റൺസ് നേടിയ ക്ലാസ്സെനെയും ഹാരി ബ്രൂക്കിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ആകാശ് മത്സരത്തിൽ നിന്ന് നാല് വിക്കറ്റ് നേടി. അവസാന അഞ്ചോവറിൽ നിന്ന് സൺറൈസേഴ്സിന് 43 റൺസ് മാത്രമാണ് നേടാനായത്. എയ്ഡന്‍ മാര്‍ക്രം അവസാന പന്തിൽ സിക്സര്‍ നേടിയാണ് ടീം സ്കോര്‍ ഇരുനൂറിലെത്തിച്ചത്.