ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 195 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. മുഹമ്മദ് ഷമി കെയിന്‍ വില്യംസണെയും രാഹുല്‍ ത്രിപാഠിയെയും മടക്കി അയയ്ച്ചപ്പോള്‍ 44/2 എന്ന നിലയിലായിരുന്ന സൺറൈസേഴ്സിനെ അഭിഷേക് വര്‍മ്മ – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. അവസാന ഓവറിൽ നാല് സിക്സുകള്‍ പിറന്നപ്പോള്‍ ഇതിൽ മൂന്ന് എണ്ണം നേടി ശശാങ്ക് സിംഗ് 6 പന്തിൽ 25 റൺസ് നേടി മികച്ച സ്കോറിലേക്ക് സൺറൈസേഴ്സിനെ എത്തിക്കുകയായിരുന്നു.
വില്യംസണെ(5) ഷമി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ 16 റൺസ് നേടിയ അപകടകാരിയായ രാഹുല്‍ ത്രിപാഠിയെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നീട് 96 റൺസ് കൂട്ടുകെട്ടുമായി അഭിഷേക് ശര്‍മ്മയും എയ്ഡന്‍ മാര്‍ക്രവും ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ 16ാം ഓവറിലെ ആദ്യ പന്തിൽ അഭിഷേകിനെ പുറത്താക്കി അൽസാരി ജോസഫ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 42 പന്തിൽ 65 റൺസാണ് അഭിഷേക് നേടിയത്.
അഭിഷേക് ശര്‍മ്മ റഷീദ് ഖാനെ തലങ്ങും വിലങ്ങും ബൗണ്ടറിയും സിക്സും പായിച്ചപ്പോള്‍ സിംഗിള്‍ നൽകി മറുവശത്ത് ഈ കാഴ്ച ആസ്വദിക്കുകയായിരുന്നു അന്താരാഷ്ട്ര തലത്തിൽ പരിചയസമ്പത്തുള്ള മാര്‍ക്രം.
തൊട്ടടുത്ത ഓവറിൽ നിക്കോളസ് പൂരനെ പുറത്താക്കി ഷമി തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ 56 റൺസ് നേടിയ മാര്‍ക്രത്തിനെ യഷ് ദയാൽ ആണ് മടക്കിയയ്ച്ചത്. 18ാം ഓവറിൽ മാര്‍ക്രവും വീണുവെങ്കിലും ലോക്കി ഫെര്‍ഗൂസൺ എറിഞ്ഞ അവസാന ഓവറിൽ ശശാങ്ക് സിംഗ് അവസാന മൂന്ന് പന്തുകളിൽ സിക്സ് നേടിയപ്പോള്‍ ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. ഓവറിലെ ആദ്യ പന്തിൽ മാര്‍ക്കോ ജാന്‍സനും ഒരു സിക്സ് നേടിയിരുന്നു.