43000 കോടിയിൽ എത്തി ഐ പി എൽ സംപ്രേക്ഷണാവകാശ ലേലം, എത്ര കോടി വരെ പോകും എന്ന് നാളെ അറിയും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 മുതൽ 2027 വരെയുള്ള മീഡിയ റൈറ്റ് ലേലം ആദ്യ ദിനത്തിൽ റെക്കോർഡ് തുകയിൽ എത്തി. ആദ്യ ദിനത്തിൽ തന്നെ 43,000 കോടി രൂപ കവിഞ്ഞു നിൽക്കുകയാണ് ലേലത്തുക. ടിവിയുടെയും ഡിജിറ്റലിന്റെയും മൂല്യം കൂടിച്ചേർന്നപ്പോൾ ടൂർണമെന്റിലെ ഓരു മത്സരത്തിന്റെ മാത്രം റൈറ്റ്സ് 100 കോടി രൂപക്ക് മുകളിൽ ആകും.

ഇന്ത്യ ഉപഭൂഖണ്ഡത്തിലുള്ള ടിവി റൈറ്റ്സിന് 16 ബിഡുകൾ ലഭിച്ചപ്പോൾ, ഡിജിറ്റൽ റൈറ്റ്സിന് 30 ബിഡുകൾ ലഭിച്ചു. ടിവി അവകാശങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന ലേലം – ഒരു മത്സരത്തിന് 57 കോടി രൂപയിൽ നിൽക്കുകയാണ് മൊത്തം 23,370 കോടി രൂപയാണിത്. ഡിജിറ്റൽ അവകാശങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന ബിഡ് – ഒരു മത്സരത്തിന് 48 കോടി രൂപയിൽ ആണ് ഇപ്പോൾ നിൽക്കുന്നത്. അത് ആകെ 19,680 കോടി രൂപയോളം ആകും.

ഡിസ്‌നിസ്റ്റാർ, സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യ, വിയാകോം 18, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്നിവർ ഏറ്റവും വലിയ ബിഡിൽ ഇപ്പോഴും ഉണ്ട്. ലേലം തിങ്കളാഴ്ച രാവിലെ 11ന് പുനരാരംഭിക്കും.