ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ന്യൂസിലാൻഡിൽ പര്യടനം നടത്തും

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ നിശ്ചിത ഓവർ പരമ്പരകൾ കളിക്കും. 3 ഏകദിന മത്സരങ്ങളും 3 ടി20 മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലാൻഡിൽ കളിക്കുക. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ച മത്സരങ്ങളുടെ പട്ടികയിലാണ് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ ഉൾപ്പെട്ടത്. നവംബർ 18 മുതൽ 30 വരെയുള്ള കാലയളവിലാണ് ഇന്ത്യ ടി20 പരമ്പരയും ഏകദിന പരമ്പരയും കളിക്കുക. നവംബർ 14ന് ലോകകപ്പ് അവസാനിച്ച് 4 ദിവസത്തിന് ശേഷമാവും ഇന്ത്യ – ന്യൂസിലാൻഡ് പരമ്പര നടക്കുക.

ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്കെതിരെയും ന്യൂസിലാൻഡ് ടി20 പരമ്പര കളിക്കുന്നുണ്ട്. ടി20 ലോകകപ്പിന് മുൻപാവും ഈ പരമ്പരകൾ നടക്കുക. കൂടാതെ 2023 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ 2 ടെസ്റ്റ് മത്സരങ്ങളും ന്യൂസിലാൻഡ് സ്വന്തം നാട്ടിൽ കളിക്കും. കൂടാതെ 2023 മാർച്ചിൽ ശ്രീലങ്കയുമായി ടെസ്റ്റ്, ഏകദിന, ടി20 പരമ്പരയും ന്യൂസിലാൻഡ് കളിക്കും.