രാഹുലിനും രോഹിത് ശർമ്മക്കും സെഞ്ചുറി, റിഷഭ് പന്തിന്റെ വെടിക്കെട്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 387 റൺസാണ് എടുത്തത്. ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ രാഹുലിന്റെയും രോഹിത് ശർമ്മയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ റിഷഭ് പന്തും ശ്രേയസ് അയ്യരും ഇന്ത്യയുടെ സ്കോർ വേഗത്തിൽ ഉയർത്തുകയും ചെയ്തു.

കെ.എൽ രാഹുൽ 102 റൺസ് എടുത്ത് പുറത്തായപ്പോൾ രോഹിത് ശർമ്മ  159 റൺസ് എടുത്താണ് പുറത്തായത്. ഇരുവരും ചേർന്ന് ഇന്ത്യക്ക് ആദ്യ വിക്കറ്റിൽ തന്നെ 227 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്ന് വന്ന വിരാട് കോഹ്‌ലി ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും ശ്രേയസ് അയ്യരും റിഷഭ് പന്തും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. 47മത്തെ ഓവറിൽ പന്ത് എറിഞ്ഞ റോസ്റ്റൻ ചേസിന്റെ ഓവറിൽ ഇന്ത്യ 31 റൺസാണ് അടിച്ചു കൂട്ടിയത്.

റിഷഭ് പന്ത് 16 പന്തിൽ 39 റൺസ് എടുത്തപ്പോൾ ശ്രേയസ് അയ്യർ 32 പന്തിൽ 53 റൺസ് എടുത്തും പുറത്തായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ വെറും 25 പന്തിൽ നിന്നാണ് 73 റൺസ് കൂട്ടിച്ചേർത്തത്. ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്.

Previous articleജപ്പാൻ താരം മിനമിനോയ്ക്ക് ഇന്ന് ലിവർപൂളിൽ മെഡിക്കൽ
Next articleഒരു ഓവറിൽ 31 റൺസ്, ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ റെക്കോർഡ്