ഇന്ത്യയുടെ 2019 ലോകകപ്പ് പരാജയം ഉള്‍ക്കൊള്ളുവാന്‍ വളരെ പ്രയാസമായിരുന്നു- രോഹിത് ശര്‍മ്മ

ന്യൂസിലാണ്ടിനോട് തോറ്റ് ഇന്ത്യ 2019 ലോകകപ്പിന്റെ പുറത്തായിട്ട് ഒരു വര്‍ഷത്തിലധികമായെങ്കിലും ആ തോല്‍വിയെ ഉള്‍ക്കൊള്ളുവാന്‍ ഇപ്പോളും പ്രയാസമാണെന്നാണ് ഇന്ത്യന്‍ ഉപ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത്. ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോട് മാത്രം പരാജയപ്പെട്ട ഇന്ത്യയ്ക്ക് എന്നാല്‍ സെമിയില്‍ കാലിടറുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും മാത്രമാണ് അര്‍ദ്ധ ശതകങ്ങളുമായി പൊരുതിയത്. എന്നാല്‍ കടമ്പ കടക്കുവാന്‍ ഇന്ത്യയ്ക്കായില്ല. ചാമ്പ്യന്മാരാകുവാനുള്ള എല്ലാ വിധ സജ്ജീകരണങ്ങളും ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്നും ബാറ്റിംഗിലും ബൗളിംഗിലും കരുത്തുറ്റ ടീമിന് അത് സാധിക്കാതെ പോയത് ഏറെ സങ്കടം വരുത്തിയെന്നും രോഹിത് പറഞ്ഞു.

തനിക്ക് ലോകകപ്പുകള്‍ ജയിക്കണമെന്നാണ് ഏത് ക്രിക്കറ്ററെയും പോലെ ആഗ്രഹമെന്നും ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ശേഷം അവസാന നിമിഷം കാലിടറിയത് ടീമിന് വലിയ തിരിച്ചടിയായെന്നും അത് ഉള്‍ക്കൊള്ളുവാന്‍ ഏറെ പ്രയാസമായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

ഒരു ദിവസത്തെ പാളിച്ചയാണ് തങ്ങളുടെ സാധ്യതകള്‍ ഇല്ലാതാക്കിയതെന്നും ഇത്രയും മികച്ച ടീമുണ്ടായിട്ടും ലക്ഷ്യം നേടുവാന്‍ സാധിക്കാതെ പോയതില്‍ തനിക്ക് ഏറെ വിഷമം ഉണ്ടെന്നും താരം വ്യക്തമാക്കി.

Previous articleമഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറികടന്ന് അലൈസ ഹീലി
Next articleഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിലേക്ക് സ്വാഗതം, ഔദ്യോഗിക പ്രഖ്യാപനം എത്തി