സിംബാബ്‌വെക്ക് പകരം ശ്രീലങ്കയുമായി പരമ്പര കളിക്കാൻ ഇന്ത്യ

Staff Reporter

അടുത്ത വർഷം ജനുവരിയിൽ ശ്രീലങ്കയുമായി ടി20 പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. നേരത്തെ സിംബാബ്‌വെയുമായി കളിക്കേണ്ട പരമ്പര മാറ്റിയാണ് ശ്രീലങ്കയോട് പരമ്പര കളിയ്ക്കാൻ ഇന്ത്യ തയ്യാറാവുന്നത്. കഴിഞ്ഞ ജൂലൈയിൽ ഐ.സി.സി സിംബാബ്‌വെ ടീമിനെ വിലക്കിയിരുന്നു. തുടർന്നാണ് സിംബാബ്‌വെക്ക് പകരം പുതിയ ടീമിനെ കണ്ടെത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.

പരമ്പരയിൽ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ 3 ടി20 മത്സരങ്ങളാണ് കളിക്കുക. നേരത്തെ തീരുമാനിച്ച വേദികളിൽ തന്നെയാണ് മത്സരം നടക്കുക. ജനുവരി 5ന് ഗുവാഹത്തിയിൽ വെച്ചാണ് ആദ്യ ടി20 മത്സരം. ജനുവരി 7ന് ഇൻഡോറിൽ വെച്ച് രണ്ടാമത്തെ ടി20യും ജനുവരി 10ന് പൂനെയിൽ വെച്ച് മൂന്നാമത്തെ ടി20 മത്സരവും നടക്കും. സിംബാബ്‌വെ ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഐ.സി.സി സിംബാബ്‌വെ ക്രിക്കറ്റിനെ ഐ.സി.സി വിലക്കിയത്.