ഹാമിള്‍ട്ടണില്‍ പരമ്പരയിലെ ആദ്യത്തെ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ

ന്യൂസിലാണ്ടിനെതിരെ ഏകദിന പരമ്പര നേരത്തെ തന്നെ വിജയിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ ബാറ്റിംഗ് തകര്‍ച്ചയും കനത്ത തോല്‍വിയും ഏറ്റു വാങ്ങി ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 30.5 ഓവറില്‍ ഓള്‍ഔട്ട് ആയ ടീമിന്റെ ടോപ് സ്കോറര്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്ന യൂസുവേന്ദ്ര ചഹാല്‍ ആയിരുന്നു.

കുല്‍ദീപ് യാദവ്(15), ഹാര്‍ദ്ദിക് പാണ്ഡ്യ(16), ശിഖര്‍ ധവാന്‍(13) എന്നിവരാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ രണ്ടക്കം കടന്ന താരങ്ങള്‍. ആദ്യ വിക്കറ്റില്‍ 21 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച. ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപും ചഹാലും ചേര്‍ന്ന് നേടിയ 25 റണ്‍സാണ് ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. ട്രെന്റ് ബോള്‍ട്ടിന്റെ അഞ്ച് വിക്കറ്റിനൊപ്പം മൂന്ന് വിക്കറ്റുമായി കോളിന്‍ ഡി ഗ്രാന്‍ഡോമും തിളങ്ങുകയായിരുന്നു. ബോള്‍ട്ട് 21 റണ്‍സാണ് തന്റെ പത്തോവറില്‍ വിട്ട് നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട്  14.4  ഓവറില്‍ നിന്ന് വിജയം കുറിച്ചു. ഹെന്‍റി നിക്കോളസ്(30*), റോസ് ടെയിലര്‍ (37*) എന്നാണ് ആതിഥേയര്‍ക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. മാര്‍ട്ടിന്‍ ഗുപ്ടില്‍(14), കെയിന്‍ വില്യംസണ്‍(11) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഭുവിയ്ക്കാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

Previous articleസുവർണ്ണാവസരം നഷ്ടമാക്കി ലിവർപൂൾ, ആൻഫീൽഡിൽ സമനില
Next articleഹാരി കെയ്ൻ ഇല്ലെങ്കിൽ എന്ത്. പിറകിൽ നിന്ന് ജയിച്ച് കയറി ടോട്ടൻഹാം