ഒന്നാം നമ്പറുകാരുടെ അടവ് ഇന്ത്യയോട് നടന്നില്ല, 8 വിക്കറ്റ് ജയം സ്വന്തമാക്കി പരമ്പരയില്‍ മുന്നില്‍

- Advertisement -

ടി20 പരമ്പരയിലെ വിജയത്തിനു ശേഷം ഏകദിന പരമ്പരയിലും ജയത്തോടെ തുടങ്ങി ഇന്ത്യ. ഒന്നാം റാങ്ക് തിരിച്ചുപിടിക്കുവാന്‍ പരമ്പര തൂത്തുവാരേണ്ടതുള്ള ഇന്ത്യ ഇന്ന് ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ആധികാരിക ജയമാണ് ഉറപ്പാക്കിയത്. ബൗളിംഗില്‍ കുല്‍ദീപ് യാദവിന്റെ ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം നില്‍ക്കുന്ന ബാറ്റിംഗ് പ്രകടനവുമായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും അരങ്ങുവാണ മത്സരത്തില്‍ ഇന്ത്യ 40.1 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്.

40 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായ താരം 27 പന്തില്‍ നിന്നാണ് ധവാന്റെ 40 റണ്‍സ്. മോയിന്‍ അലിയ്ക്കാണ് വിക്കറ്റ്. ഒന്നാം വിക്കറ്റ്ലി്‍ 7.5 ഓവറില്‍ 59 റണ്‍സ് നേടിയ ശേഷമാണ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ ഇംഗ്ലണ്ടിനായത്. പകരമെത്തിയ വിരാട് കോഹ്‍ലിയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിനായില്ല.

167 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ആദില്‍ റഷീദ് പുറത്താക്കി മടങ്ങുമ്പോള്‍ കോഹ്‍ലി 75 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ്മ 114 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 4 സിക്സും 15 ബൗണ്ടറിയും അടക്കമാണ് രോഹിത്തിന്റെ മികച്ച ഇന്നിംഗ്സ്.

നേരത്തെ മികച്ച തുടക്കത്തിനു ശേഷം കുല്‍ദീപ് യാദവിനു മുന്നില്‍ മത്സരം ഇംഗ്ലണ്ട് കൈവിടുകയായിരുന്നു.6 വിക്കറ്റാണ് തന്റെ പത്തോവറില്‍ നിന്ന് വെറും 25 റണ്‍സ് വിട്ടു നല്‍കി കുല്‍ദീപ് പിഴുതെടുത്തത്. 73/0 എന്ന നിലയില്‍ നിന്ന് 105/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സ്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് രക്ഷിച്ചെടുത്തത്. എന്നാല്‍ സ്റ്റോക്സിന്റെ മെല്ലെ പോക്ക് ടീമിന്റെ റണ്‍റേറ്റിനെ ഏറെ ബാധിച്ചിരുന്നു.

ബട്‍ലര്‍ പുറത്തായി ഏറെ വൈകാതെ സ്റ്റോക്സും പുറത്തായി. ബട്‍ലര്‍ 53 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായി. മോയിന്‍ അലി(24), ആദില്‍ റഷീദ്(22) എന്നിവരുടെ ഇന്നിംഗ്സുകളും കൂടിയായപ്പോള്‍ ഇംഗ്ലണ്ട് 268 റണ്‍സിലേക്ക് എത്തുകയായിരുന്നു. 49.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. ഉമേഷ് യാദവ്(2), യൂസുവേന്ദ്ര ചഹാല്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement