അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 കിരീടം ഇന്ത്യ നേടണമെങ്കിൽ ഇന്ത്യയുടെ ഫീൽഡിങ് ഇനിയും മെച്ചപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഫീൽഡിങ് ഒരു പ്രധാന ഘടകമാണെന്നും ഫീൽഡിങ്ങിൽ റൺസ് സേവ് ചെയ്യുമ്പോൾ എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.
അതെ സമയം ആദ്യം ബാറ്റ് ചെയ്ത് എതിർ ടീമിനെ പ്രതിരോധിക്കുന്നതിൽ ഇന്ത്യ മാത്രമല്ല മറ്റു ടീമുകളും മികച്ചതല്ലെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ 200ന് മുകളിൽ വെസ്റ്റിൻഡീസ് നേടിയിട്ടും പരാജയപ്പെട്ടത് സുനിൽ ഗാവസ്‌കർ ഓർമിപ്പിച്ചു. രണ്ടാമത് ബൗൾ ചെയ്യുമ്പോൾ മഞ്ഞ് കാരണം ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനുമുള്ള ബുദ്ധിമുട്ടും സുനിൽ ഗാവസ്‌കർ എടുത്തുപറഞ്ഞു.
വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ടി20യിൽ മോശം ഫീൽഡിങ്ങിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾ വിമർശനങ്ങൾക്ക് വിധേയരായിരുന്നു. മത്സരം ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ചിരുന്നു. മോശം ഫീൽഡിങ് ആണെങ്കിൽ എത്ര റൺസ് എടുത്തിട്ടും കാര്യമില്ലെന്നാണ് വിരാട് കോഹ്‌ലി പറഞ്ഞത്.