മൂന്നാം സെഷനില്‍ ഒപ്പത്തിനൊപ്പം ഇന്ത്യയും ഓസ്ട്രേലിയയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പെര്‍ത്തില്‍ ആദ്യ സെഷനില്‍ ഓസ്ട്രേലിയന്‍ മേധാവിത്വത്തിനു ശേഷം രണ്ടാം സെഷനില്‍ ഇന്ത്യ തിരിച്ചടിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 145/3 എന്ന നിലയില്‍ മൂന്നാം സെഷന്‍ പുനരാരംഭിച്ച ഓസ്ട്രേലിയ്ക്ക് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ വേഗത്തില്‍ നഷ്ടമായെങ്കിലും ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 78 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയയുടെ പക്ഷത്തേക്ക് മാറ്റുകയാണെന്ന് കരുതിയെങ്കിലും ഹനുമ വിഹാരി മാര്‍ഷിനെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏറെ വൈകാതെ ട്രാവിസ് ഹെഡിനെ ഇഷാന്ത് പുറത്താക്കിയപ്പോള്‍ മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടു.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 277/6 എന്ന നിലയിലാണ്. മാര്‍ക്കസ് ഹാരിസ് 70 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ട്രാവിസ് ഹെഡ്(58), ആരോണ്‍ ഫിഞ്ച്(50) എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടി. അതേ സമയം ഷോണ്‍ മാര്‍ഷ് 45 റണ്‍സ് നേടി പുറത്തായി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടിം പെയിന്‍(16*), പാറ്റ് കമ്മിന്‍സ്(11*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

132 റണ്‍സാണ് അവസാന സെഷനില്‍ ഓസ്ട്രേലിയ നേടിയത്. ട്രാവിസ് ഹെഡിനെയും ഷോണ്‍ മാര്‍ഷിനെയും പുറത്താക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ഒപ്പം നിന്നത്. ഇല്ലായിരുന്നുവെങ്കില്‍ ആദ്യ സെഷനിലേത് പോലെ ഓസ്ട്രേലിയയ്ക്ക് സ്വന്തമാകുമായിരുന്നു മൂന്നാം സെഷനും.

ഇന്ത്യയ്ക്കായി ഹനുമ വിഹാരിയും ഇഷാന്ത് ശര്‍മ്മയും 2 വീതം വിക്കറ്റും ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.