മുന്നിൽ നിന്ന് നയിച്ച് കോഹ്‌ലിയും രഹാനെയും, ഇന്ത്യ കൂറ്റൻ ലീഡിലേക്ക്.

Photo:Twitter/@BCCI

വെസ്റ്റിൻഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ കൂറ്റൻ ലീഡിലേക്ക് കുതിക്കുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് എടുത്തത്. 53 റൺസുമായി രഹാനെയും 51 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. ഇന്ത്യക്ക് 7 വിക്കറ്റ് ശേഷിക്കെ 260 റൺസിന്റെ ലീഡ് ഉണ്ട്. 3 വിക്കറ്റിന് 81 റൺസ് എന്ന നിലയിൽ കൂട്ടുകെട്ട് ആരംഭിച്ച രഹാനെ – കോഹ്‌ലി കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഇതുവരെ 104 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

നേരത്തെ 8 വിക്കറ്റിന് 189 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസ് 33 റൺസ് കൂടി എടുത്ത് 222 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 75 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് കെ.എൽ രാഹുലും മായങ്ക് അഗർവാളും നൽകിയതെങ്കിലും 16 റൺസിന്‌ അഗർവാൾ പുറത്തായി. തുടർന്ന് 8 റൺസ് എടുക്കുന്നതിനിടെ രാഹുലിന്റെയും പൂജാരയുടെയും വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. രാഹുൽ 38 റൺസും പൂജാര 25 റൺസുമെടുത്താണ് പുറത്തായത്.