ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം.
രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 80/1 എന്ന നിലയിലാണ്. 31 റൺസ് നേടി ആദ്യ ഇന്നിംഗ്സിലെ ഹീറോ ശ്രീകര്‍ ഭരതും 9 റൺസുമായി ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്. 38 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ആദ്യ ദിവസത്തെ സ്കോറിൽ തന്നെ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലെസ്റ്റര്‍ഷയറിന് വേണ്ടി 76 റൺസുമായി ഋഷഭ് പന്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷി പട്ടേലും റോമന്‍ വാക്കറും 34 റൺസ് വീതം നേടി. ലൂയിസ് കിംബര്‍ 31 റൺസ് നേടി.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റും ശര്‍ദ്ധുൽ താക്കൂര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മത്സരത്തിൽ ഇപ്പോള്‍ ഇന്ത്യയുടെ പക്കൽ 82 റൺസ് ലീഡാണുള്ളത്.