പാക്കിസ്ഥാനോട് സെമിയില്‍ പൊരുതി വീണ് ഇന്ത്യ, പരാജയം മൂന്ന് റണ്‍സിന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എസിസി എമര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് 2019ന്റെ സെമിയില്‍ പാക്കിസ്ഥാനോട് ഇന്ത്യയ്ക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് നേടിയപ്പോള്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് മാത്രമേ നേടാനായുള്ളു.
3 റണ്‍സിന്റെ പരാജയം ആണ് ഇന്ത്യയ്ക്ക് പാക്കിസ്ഥാനോട് നേരിടേണ്ടി വന്നത്.

പാക്കിസ്ഥാന് വേണ്ടി ഒമര്‍ യൂസുഫ്(66), ഹൈദര്‍ അലി ഖാന്‍(43), രൊഹൈല്‍ നാസിര്‍(35), സൈദ് ബദര്‍(47*), ഇമ്രാന്‍ റഫീക്ക്(28) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ശിവം മാവി, സൗരഭ് ഡേ, ഹൃതിക് ഷൊക്കീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സന്‍വീര്‍ സിംഗ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബേലൂര്‍ രവി ശരത്ത്(47), അര്‍മാന്‍ ജാഫര്‍(46) എന്നിവര്‍ താരത്തിന് മികച്ച പിന്തുണ നല്‍കി.

ഒരു ഘട്ടത്തില്‍ 211/3 എന്ന നിലയില്‍ ഇന്ത്യ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് പൊടുന്നനേ വിക്കറ്റുകള്‍ ടീമിന് നഷ്ടമായത്. ഏതാനും പന്തുകളുടെ വ്യത്യാസത്തില്‍ യഷ് റാഥോഡിനെയും അര്‍മാന്‍ ജാഫറിനെയും നഷ്ടമായ ഇന്ത്യ 211/5 എന്ന നിലയിലേക്ക് വീണു. പിന്നീട് വാലറ്റത്തില്‍ നിന്നും വലിയൊരു പ്രകടനം വരാതിരുന്നപ്പോള്‍ ഇന്ത്യ മൂന്ന് റണ്‍സ് അകലെ വിജയം കൈവിട്ടു.

അവസാന ഓവറില്‍ ജയത്തിനായി എട്ട് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് നാല് റണ്‍സ് മാത്രമേ നേടാനായുള്ളു. ഓവറില്‍ ഒരു വിക്കറ്റും നേടി അമ്മദ് ബട്ട് പാക്കിസ്ഥാനെ ഫൈനലിലേക്ക് എത്തിയ്ക്കുകയായിരുന്നു.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹസ്നൈന്‍, സൈഫ് ബദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.