ഇന്ത്യ ഏഷ്യ കപ്പ് കളിക്കാൻ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കില്ലെന്ന നിലപാട് മാറ്റി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വസിം ഖാൻ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അനുവദിക്കുകയായണെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ പൊതുവേദിയിൽ കളിക്കാമെന്ന പുതിയ നിലപാടുമായി വസിം ഖാൻ രംഗത്തെത്തി.
ഇന്ത്യ ഏഷ്യ കപ്പിനായി പാകിസ്ഥാനിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് വരില്ലെന്ന കാര്യം താൻ പറഞ്ഞിട്ടില്ലെന്നും വസിം ഖാൻ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തിയില്ലെങ്കിൽ ആ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് മേധാവി പറഞ്ഞു. നിലവിൽ ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെ നടക്കുമെന്നും ഇന്ത്യയുടെ മത്സരങ്ങൾ എവിടെ കളിക്കണമെന്ന് കാര്യത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനമെടുക്കുമെന്നും വസിം ഖാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ എത്തുകയാണെങ്കിൽ ഫൈനൽ എവിടെ നടത്തണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കുമെന്നും വസിം ഖാൻ പറഞ്ഞു. ഈ വരുന്ന സെപ്റ്റംബറിൽ പാകിസ്ഥാനിൽ വെച്ച് നടക്കേണ്ട ഏഷ്യ കപ്പ് ഇന്ത്യയുടെ ബഹിഷ്കരണംകൊണ്ട് പ്രതിസന്ധിയിലായിരിക്കുകയാണ്.