ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

Photo: Twitter/@BCCI
- Advertisement -

ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് മുംബൈയിൽ തുടക്കമാവും. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. കഴിഞ്ഞ ലോകകപ്പിന് മുൻപ് ഇരു ടീമുകളും ഇന്ത്യയിൽ വെച്ച് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചതിന് ശേഷം ഇന്ത്യ 3-2ന് പരമ്പര കൈവിട്ടിരുന്നു. വിലക്ക് മൂലം സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലാതെയാണ് ഓസ്ട്രേലിയ അന്ന് ഇന്ത്യയിൽ പരമ്പര സ്വന്തമാക്കിയത്. എന്നാൽ ഈ തവണ ഇരു താരങ്ങളും ഓസ്‌ട്രേലിയൻ നിരയിൽ കളിക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ഏകദിന മത്സരത്തിന് ഇറങ്ങുന്നത്.

ഇന്ത്യൻ നിരയിൽ ദീർഘ കാലത്തെ പരിക്കിന് ശേഷം ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കാനിറങ്ങിയ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ആക്രമണം നയിക്കും. ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ശിഖർ ധവാൻ എന്നിവർ ഒരുമിച്ച് കളിച്ചേക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഓസ്‌ട്രേലിയൻ നിരയിൽ സ്റ്റീവ് സ്മിത്തിനൊപ്പം മാർനസ്‌ ലബുഷെയിനും ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. മാർനസ്‌ ലബുഷെയിനിന്റെ ഏകദിന അരങ്ങേറ്റം കൂടിയാവും ഇന്നത്തെ മത്സരം. ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം 1.30 നാണ് മത്സരം.

Advertisement