രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് പരാജയം

ഓസ്ട്രേലിയ എ യ്ക്കെതിരെ ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് പരാജയം. ആദ്യ ഇന്നിംഗ്സ് ഇന്ത്യ 247/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ഓസ്ട്രേലിയ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 306/9 എന്ന രീതിയില്‍ മൂന്നാം ദിവസം ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യ ചായയ്ക്ക് പിരിയുമ്പോള്‍ 138/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 79 റണ്‍സിന്റെ ലീഡാണ് ഇന്ത്യയുടെ കൈശമുള്ളത്.

125 റണ്‍സ് നേടി പുറത്താകാതെ നിന്ന കാമറണ്‍ ഗ്രീനിന്റെ മികവിലാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിലെ ചെറുത്ത് നില്പ്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ മാര്‍ക്ക് സ്റ്റീകെറ്റിയുടെ മൂന്ന് വിക്കറ്റ് നേട്ടവും മൈക്കല്‍ നീസര്‍, കാമറണ്‍ ഗ്രീന്‍ എന്നിവരുടെ രണ്ട് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 29 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹനുമ വിഹാരി, അജിങ്ക്യ രഹാനെ എന്നിവര്‍ 28 വീതം റണ്‍സ് നേടി. വൃദ്ധിമന്‍ സാഹ 14 റണ്‍സും ഉമേഷ് യാദവ് 7 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.