വെടിക്കെട്ട് ഫോമിൽ കൊഹ്ലിയും സംഘവും, ആസ്ട്രേലിയക്ക് 341 വിജയലക്ഷ്യം

ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ മിന്നും ഫോമിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ. നിശ്ചിത 50 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് നേടി. ധവാന്റെയും കൊഹ്ലിയുടേയും കെ എൽ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്.

തുടക്കം മുതൽ തന്നെ വമ്പൻ സ്കോർ ഉയർത്താനായിരുന്നു ഇന്ത്യയുടെ ശ്രമം. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത് ശര്‍മ്മ 42 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ 96 റണ്‍സിന് പുറത്താവുകയായിരുന്നു. ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 103 റണ്‍സ് ഇന്ത്യന്‍ സ്കോറിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 78 റണ്‍സ് നേടി. കൊഹ്ലിയേയും രോഹിത്ത് ശർമ്മയേയും ശ്രേയസ്സ് അയ്യരേയും പുറത്താക്കിയത് സാംപയായിരുന്നു. അതേ സമയം അഞ്ചാമനായി ഇറങ്ങിയ കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ സ്കോര്‍ ഇത്രയും ഉയര്‍ത്തിയത്. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സുമടക്കം 80 റണ്‍സ് നേടിയ രാഹുല്‍ അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.

ശ്രേയസ് അയ്യര്‍(7), മനീഷ് പാണ്ഡെ(2) എന്നിവര്‍ ബാറ്റങ്ങില്‍ പരാജയപ്പെട്ടു. 20 റൺസ് എടുത്ത ജഡേജയും 1 റൺസ് എടുത്ത ഷമിയുമാണ് പുറത്താവാതെ ക്രീസിൽ ഉണ്ടായിരുന്നത്.