നിലവില്‍ വേതനം വെട്ടിച്ചുരുക്കേണ്ട അവസ്ഥയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കായിക രംഗത്തും പല ക്ലബ്ബുകളും കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റ് ലോകത്തും സമാനമായ നടപടികള്‍ പല ബോര്‍ഡുകളും ഏറ്റെടുക്കുവാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത വരുമ്പോളും നിലവില്‍ അത്തരം ഒരു നീക്കത്തിന് തങ്ങള്‍ മുതിരുന്നില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെങ്കിലും ഇപ്പോള്‍ കളിക്കാര്‍ക്കും സ്റ്റാഫിനുമുള്ള വേതനത്തില്‍ പിടിമുറുക്കേണ്ടതില്ലെന്നാണ് ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ അടുത്ത രണ്ട് പരമ്പരകള്‍ നാട്ടില്‍ ഓസ്ട്രേലിയയ്ക്കും ന്യൂസിലാണ്ടിനും എതിരെയായിരുന്നു. ഇവ രണ്ടും നടക്കുവാനുള്ള സാധ്യതയില്ലെന്നാണ് മനസ്സിലാക്കുന്നത്.

ആര്‍ക്കും നിയന്ത്രിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ മറ്റു പല ബോര്‍ഡുകളെ വെച്ച് നോക്കുമ്പോള്‍ ഞങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചമാണെന്ന് ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കാതെ കാര്യങ്ങള്‍ മുന്നോട്ട് പോകാമെന്നാണ് വിശ്വാസം. സാഹചര്യങ്ങള്‍ ഉടന്‍ മെച്ചപ്പെട്ട് കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാവുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.