ഇമാം ഉള്‍ ഹക്കിനു ശതകം, സിംബാബ്‍വേയ്ക്കെതിരെ 300 കടന്ന് പാക്കിസ്ഥാന്‍

- Advertisement -

സിംബാബ്‍വേ-പാക്കിസ്ഥാന്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 308 റണ്‍സ് നേടി പാക്കിസ്ഥാന്‍. ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിനൊപ്പം അവസാന ഓവറുകളില്‍ ആസിഫ് അലിയുടെ വെടിക്കെട്ട് ബാറ്റിംഗും കൂടി ചേര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍  7 വിക്കറ്റ് നഷ്ടത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ടോസ് നേടി സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മത്സരത്തില്‍ പാക് ബാറ്റ്സ്മാന്മാരുടെ ആധിപത്യമാണ് കണ്ടത്. ഇമാം ഉള്‍ ഹക്കും ഫകര്‍ സമനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 113 റണ്‍സാണ് നേടിയത്. 60 റണ്‍സ് നേടിയ ഫകര്‍ സമനെ റോച്ചേ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ബാബര്‍ അസവുമായി(30) 59 റണ്‍സ് കൂടി പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹക്ക് നേടി. ഇതിനിടെ ഷൊയ്ബ് മാലികിനെയും(22) നഷ്ടമായെങ്കിലും ഇമാം-ഉള്‍-ഹക്ക് തന്റെ ശതകം പൂര്‍ത്തിയാക്കി. 11 ബൗണ്ടറിയുള്‍പ്പെടെ 134 പന്തില്‍ നിന്ന് 128 റണ്‍സാണ് താരം നേടിയത്. ഇമാം പുറത്താകുമ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ 45.1 ഓവറില്‍ 268 റണ്‍സായിരുന്നു.

ആസിഫ് അലിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പാക്കിസ്ഥാനെ 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സിലേക്ക് എത്തിച്ചത്. 25 പന്തില്‍ നിന്ന് 46 റണ്‍സാണ് ആസിഫ് അലി നേടിയത്. 4 ബൗണ്ടറിയും 2 സിക്സും അടക്കമാണ് അലിയുടെ വെടിക്കെട്ട്.

സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര(2), ബ്ലെസ്സിംഗ് മുസര്‍ബാനി, ഡൊണാള്‍ഡ് ടിരിപാനോ(2), ലിയാം നിക്കോളസ് റോച്ചേ, വെല്ലിംഗ്ടണ്‍ മസകഡ്സ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement