ശതകം തികച്ചയുടന്‍ പുറത്തായി ഇമാം, പാക്കിസ്ഥാനെ മുന്നൂറ് കടത്തി മാലിക്കും ഇമാദ് വസീമും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിനൊപ്പം ബാബര്‍ അസവും മുഹമ്മദ് ഫഹീസും അര്‍ദ്ധ ശതകങ്ങള്‍ നേടി തിളങ്ങിയപ്പോള്‍ 317/6 എന്ന വലിയ സ്കോറാണ് പാക്കിസ്ഥാന്‍ നേടിയത്. ഇമാം പുറത്തായ ശേഷം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി ഷൊയ്ബ് മാലിക്-ഇമാദ് വസീം കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ സ്കോര്‍ 300 കടത്തിയത്.

അരങ്ങേറ്റം നടത്തിയ ബ്യൂറന്‍ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഫകര്‍ സമനെ മടക്കി അയയ്ക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് നാലായിരുന്നു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഇമാമും ബാബര്‍ അസവും ചേര്‍ന്ന് 132 റണ്‍സാണ ചേര്‍ത്തത്. 69 റണ്‍സ് നേടിയ ബാബര്‍ അസമിനെ ഡെയില്‍ സ്റ്റെയിന്‍ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഹഫീസ് ഇമാം ഉള്‍ ഹക്കിനു കൂട്ടായി എത്തി. ഇരുവരും ചേര്‍ന്ന് 84 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 45 പന്തില്‍ നിന്ന് 52 റണ്‍സാണ് ഹഫീസ് നേടിയത്.

തന്റെ ശതകം തികച്ച് ഉടന്‍ തന്നെ ഇമാം ഉള്‍ ഹക്കും(101) പുറത്തായെങ്കിലും ഷൊയ്ബ് മാലികും ഇമാദ് വസീമും ചേര്‍ന്ന് പാക്കിസ്ഥാന്റെ സ്കോര്‍ മുന്നോട്ട് നയിച്ചു. ഹഫീസിന്റെ വിക്കറ്റ് റബാഡയ്ക്കും ഇമാമിനെ ഷംസിയുമാണ് പുറത്താക്കിയത്. 35 റണ്‍സ് നേടിയ മാലിക്കിനെ റബാഡ പുറത്താക്കിയപ്പോള്‍ 23 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ ഇമാദ് വസീം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി റബാഡയും ഡെയില്‍ സ്റ്റെയിനും രണ്ട് വീതം വിക്കറ്റ് നേടി.