ഈ മാസം അവസാനത്തോടെ പാകിസ്ഥാനത്തിൽ പര്യടനം നടത്തുന്ന ശ്രീലങ്കയുടെ മത്സരങ്ങൾക്ക് പാകിസ്ഥാൻ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ഐ.സി.സി പരിശോധിക്കും. മാച്ച് റഫറിമാരെയും അമ്പയർമാരെയും നിയമിക്കുന്നതിന് മുൻപ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനാണ് ഐ.സി.സി. തീരുമാനം. പാകിസ്ഥാൻ ദിനപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ 2015ൽ സിംബാബ്‌വെ പാകിസ്ഥാനിൽ പര്യടനം നടത്തിയ സമയത്ത് ഐ.സി.സി നേരിട്ട് മാച്ച് റഫറിമാരെയും അമ്പയർമാരെയും നിയമിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഐ.സി.സി. എന്ത് നിലപാട് എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശ്രീലങ്കൻ പ്രധാന മന്ത്രിയുടെ ഓഫീസിൽ ലഭിച്ച വിവര പ്രകാരം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തുടർന്ന് പാകിസ്ഥാൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിന്ന് പ്രമുഖ താരങ്ങൾ അടക്കം പത്തോളം പേർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. അതെ സമയം ശ്രീലങ്കയുടെ പാകിസ്ഥാൻ പര്യടനം അവിടെ നിന്ന് മാറ്റി മറ്റൊരു നിഷ്പക്ഷ വേദിയിൽ നടത്താൻ പാകിസ്ഥാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപെടുന്നുണ്ട്.