ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി അശ്വിനും സിറാജും മായങ്ക് അഗർവാളും

Staff Reporter

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും മുഹമ്മദ് സിറാജും മായങ്ക് അഗർവാളും. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ കയറി അശ്വിൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്.

പരമ്പരയിൽ 14 വിക്കറ്റും 70 റൺസും അശ്വിൻ നേടിയിരുന്നു. തുടർന്നാണ് ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തിയത്. രവീന്ദ്ര ജഡേജയെയും ബെൻ സ്റ്റോക്സിനെയും പിന്തള്ളിയാണ് അശ്വിൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ബൗളർമാരുടെ റാങ്കിങ്ങിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗർവാൾ 30 സ്ഥാനങ്ങൾ കയറി പതിനൊന്നാം സ്ഥാനത്താണ്. മുംബൈയിൽ രണ്ട ഇന്നിങ്‌സുകളിൽ 150 റൺസും 62 റൺസും എടുക്കാൻ താരത്തിനായിരുന്നു. മുംബൈ ടെസ്റ്റിൽ മികച്ച ബൗളിംഗ് പുറത്തെടുത്ത സിറാജ് 6 സ്ഥാനങ്ങൾ കയറി 41ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശർമ്മയും ആറാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.