യുഎഇ താരങ്ങള്‍ക്ക് എട്ട് വര്‍ഷത്തെ വിലക്ക് നല്‍കി ഐസിസി

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കിടെ ഐസിസിയുടെ ആന്റി – കറപ്ഷന്‍ കോഡ് ലംഘിച്ച 2 യുഎഇ താരങ്ങള്‍ക്ക് എട്ട് വര്‍ഷത്തെ വിലക്ക്. വിലക്ക് സെപ്റ്റംബര്‍ 13 2020 മുതൽ പ്രാബല്യത്തിലാണ്. 2019ൽ യുഎഇയിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് താരങ്ങള്‍ ചട്ട ലംഘനം നടത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്. യുഎഇ താരങ്ങളായ അമീര്‍ ഹയാത്, അഷ്ഫാഖ് അഹമ്മദ് എന്നിവര്‍ക്കാണ് എട്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചിരിക്കുന്നത്.

മാച്ച് ഫിക്സര്‍മാരെക്കുറിച്ചുള്ള അവബോധം ലഭിച്ചിട്ടുള്ള അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരാണ് ഇവരെന്നും എന്നിട്ടും ഇവരിൽ നിന്ന് വന്ന വീഴ്ച വളരെ ഗുരുതരമായ ഒന്നാണെന്നാണ് ഐസിസി ഇന്റഗ്രിറ്റി യൂണിറ്റ് ജനറൽ മാനേജര്‍ അലക്സ് മാര്‍ഷൽ അഭിപ്രായപ്പെട്ടത്. ഒട്ടനവധി ആന്റി-കറപ്ഷന്‍ വിദ്യാഭ്യാസ സെഷനുകളിൽ പങ്കെടുത്ത താരങ്ങളായിരുന്നു ഇവരെന്നും ഇവര്‍ സ്വന്തം ടീമംഗങ്ങളെയും കൈവിടുന്ന പ്രവൃത്തിയാണ് ചെയ്തതെന്നും അലക്സ് മാര്‍ഷൽ വ്യക്തമാക്കി.