അഡിലെയ്ഡ് സ്ഥിരം ഡേ നൈറ്റ് ടെസ്റ്റ് വേദിയാക്കുവാനുള്ള ശ്രമവുമായി ഓസ്ട്രേലിയന്‍ ബോര്‍ഡ്

അടുത്ത സീസണ്‍ മുതല്‍ അഡിലെയ്ഡ് ഓവലിനെ സ്ഥിരം ഡേ നൈറ്റ് ടെസ്റ്റ് വേദിയാക്കുവാനുള്ള പ്രതീക്ഷയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. 2015 മുതല്‍ പിങ്ക്-ബോള്‍ ക്രിക്കറ്റിനു വേദിയായി വരുന്ന അഡിലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിയ്ക്കുന്നതില്‍ നിന്ന് ബിസിസിഐ പിന്മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുമായുള്ള ടെസ്റ്റിന്റെ ഉദ്ഘാടന ദിവസം ഏറ്റവും കുറവ് കാണികള്‍ എത്തിയതോടെ ഈ ഗ്രൗണ്ടില്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ നടത്തുന്നതാവും മെച്ചമെന്ന് ബോര്‍ഡിനു തോന്നിത്തുടങ്ങിയെന്ന് വേണം മനസ്സിലാക്കുവാന്‍.

2013ല്‍ സ്റ്റേഡിയം പുനര്‍നിര്‍മ്മിച്ച ശേഷമുള്ള ഏറ്റവും കുറവ് കാണികളായിരുന്നു ഇന്നലെ എത്തിയത്. 23802 ആളുകളാണ് ഉദ്ഘാടന ദിവസത്തെ കളി കാണാനെത്തിയത്. കുറഞ്ഞത് 15000 കാണികളുടെ കുറവുണ്ടെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ ബിസിസിഐ തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബേര്‍ട്സ് പ്രതീക്ഷ പുലര്‍ത്തി.