അവസാന ഓവറില്‍ ശതകം തികച്ച് വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍, ഇംഗ്ലണ്ടിനെ തളയ്ക്കുവാന്‍ ഈ സ്കോര്‍ മതിയാകുമോ വിന്‍ഡീസിനു?

- Advertisement -

ഇംഗ്ലണ്ടിനെ തളയ്ക്കവാന്‍ വിന്‍ഡീസ് ഇന്ന് ബാര്‍ബഡോസില്‍ നേടിയ സ്കോര്‍ മതിയാകുമോ എന്ന് ഉറപ്പില്ലെങ്കിലും പൊരുതി നോക്കാവുന്ന സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനു സാധിച്ചുവെന്ന് പറയാം. ഇന്ന് ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയും കൃത്യതയോടെ പന്തെറിയുകയും ചെയ്തപ്പോള്‍ വിന്‍ഡീസിനു മികച്ച തുടക്കം ലഭിച്ചില്ല.

വിക്കറ്റ് നഷ്ടപ്പെടാതെ 61 റണ്‍സിലേക്ക് വിന്‍ഡീസ് നീങ്ങിയെങ്കിലും അതിനായി അവര്‍ക്ക് 12 ഓവറുകള്‍ വേണ്ടി വന്നു. ക്രിസ് ഗെയില്‍ ആദ്യ മത്സരത്തിലേത് പോലെ മെല്ലെ തുടങ്ങിയ ശേഷം അര്‍ദ്ധ ശതകം തികച്ചുവെങ്കിലും ഏറെ വൈകാതെ താരം പുറത്തായത് ടീമിനു തിരിച്ചടിയായി. 50 റണ്‍സായിരുന്നു യൂണിവേഴ്സ് ബോസിന്റെ സ്കോര്‍.

ജോണ്‍ കാംപെല്‍(23), ഷായി ഹോപ്(33), ഡാരെന്‍ ബ്രാവോ(25) എന്നിവരുടെയെല്ലാം മടക്കം വേഗത്തിലായിരുന്നുവെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറുടെ പ്രകടനം വിന്‍ഡീസ് സ്കോര്‍ 250 കടക്കുവാന്‍ സഹായിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ തന്റെ ശതകം തികയ്ക്കുമ്പോള്‍ താരം നേരിട്ടത് വെറും 82 പന്തുകള്‍ മാത്രമാണ്. അടുത്ത പന്തില്‍ സിംഗിള്‍ നേടി അപരാജിതനായി 104 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഹെറ്റ്മ്യര്‍ തന്റെ നാലാം ശതകമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്.

13 റണ്‍സുമായ ആഷ്‍ലി നഴ്സാണ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഹെറ്റ്മ്യറിനു കൂട്ടായി ക്രീസിലുണ്ടായിരുന്നത്. ഏഴ് ബൗണ്ടറിയും നാല് സിക്സും അടക്കമായിരുന്നു വിന്‍ഡീസ് യുവതാരം ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം.

Advertisement