കരീബിയന്‍ കരുത്ത് കാണിച്ച് ഹെറ്റ്മ്യറും റോവ്മന്‍ പവലും, സിംബാബ്‍വേയ്ക്കെതിരെ കൂറ്റന്‍ സ്കോറുമായി വെസ്റ്റിന്‍ഡീസ്

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തിൽ മികച്ച സ്കോറുയര്‍ത്തി വെസ്റ്റിന്‍ഡീസ്. 6 വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്‍വേയ്ക്കെതിരെ 254 റൺസെന്ന കൂറ്റന്‍ സ്കോര്‍ വെസ്റ്റിന്‍ഡീസ് നേടിയത്. ഷിമ്രൺ ഹെറ്റ്മ്യറും റോവ്മന്‍ പവലും ആണ് വെസ്റ്റിന്‍ഡീസ് നിരയിൽ തിളങ്ങിയത്.

ബ്രണ്ടന്‍ കിംഗിനെയും ഷായി ഹോപിനെയും വേഗത്തിൽ നഷ്ടമായ ശേഷം 122 റൺസ് കൂട്ടുകെട്ടാണ് ഹെറ്റ്മ്യര്‍ – റോവ്മന്‍ പവൽ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ വെസ്റ്റിന്‍ഡീസിനായി നേടിയത്.
ഹെറ്റ്മ്യര്‍ 34 പന്തിൽ 85 റൺസ് നേടിയപ്പോള്‍ റോവ്മന്‍ പവൽ 35 പന്തിൽ നിന്ന് 59 റൺസാണ് നേടിയത്. 10 പന്തിൽ 21 റൺസ് നേടി റൊമാരിയോ ഷെപ്പേര്‍ഡും 13 പന്തിൽ 31 റൺസ് നേടി ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും അവസാന ഓവറുകളിൽ ആഞ്ഞടിച്ചപ്പോള്‍ വിന്‍ഡീസ് 254 എന്ന കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.