വിരമിക്കല്‍, തന്റെയും സമയമായെന്ന് പറഞ്ഞ് രംഗന ഹെരാത്ത്

- Advertisement -

ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ തനിക്കും റിട്ടയര്‍മെന്റിനു സമയമായെന്ന് പറഞ്ഞ് ശ്രീലങ്കന്‍ മുന്‍ നിര സ്പിന്നര്‍ രംഗന ഹെരാത്ത്. ഇപ്പോള്‍ 40 വയസ്സു പ്രായമുള്ള താരം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം താന്‍ വിരമിച്ചേക്കുമെന്ന് സൂചന നല്‍കി. നേരത്തെ തന്നെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഹെരാത്ത് ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര എന്റെ അവസാന പരമ്പരയായിരിക്കാമെന്ന് പറഞ്ഞ ഹെരാത്ത്, ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിഞ്ഞ് മൂന്ന് മാസം ഗ്യാപ്പുള്ളതിനാല്‍ ആലോചിച്ച് തീരുമാനമെടുക്കുവാന്‍ സമയമുണ്ടെന്നാണ് അറിയിച്ചത്. ഏതൊരു ക്രിക്കറ്റര്‍ക്കും കളി അവസാനിപ്പിക്കേണ്ട ഒരു കാലം വരും അതില്‍ നിന്നാര്‍ക്കും ഒഴിവുകഴിവില്ല.

18 വര്‍ഷത്തോളമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നു. അതില്‍ ഏഴ് വര്‍ഷത്തോളെ എനിക്ക് ശ്രീലങ്കയ്ക്കായി കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ഏര്‍പ്പെട്ട പരിശീലനവും ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കുവാനുള്ള ആവേശവും ആഗ്രഹവുമാണ് എന്നെ മുന്നോട്ട് നയിച്ചതെന്ന് ഹെരാത്ത് പറഞ്ഞു.

1999 സെപ്റ്റംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം 418 വിക്കറ്റുകളാണ് ടെസ്റ്റ് വിക്കറ്റില്‍ എടുത്തിട്ടുള്ളത്. ഫോര്‍മാറ്റിലെ ഇടം കൈയ്യന്‍ ബൗളര്‍മാരില്‍ ഏറ്റവും വിജയം കൈവരിച്ച താരങ്ങളില്‍ ഒരാള്‍ ഹെരാത്ത് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement