ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരം – നിക്കോള്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉദ്ദേശിച്ച ഗുണം ചെയ്തുവോ എന്ന് ഐസിസിയുടെ പുതിയ പ്രസിഡന്റ് ഗ്രെഗ് ബാര്‍ക്ലേ സംശയം പ്രകടിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രാജ്യമായ ന്യൂസിലാണ്ട് താരം ഹെന്‍റി നിക്കോള്‍സ് പറയുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമായ കാര്യമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ന്യൂസിലാണ്ടിന് കൈയകലത്തിലാണ്. ന്യൂസിലാണ്ട് പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ആധികാരിക വിജയം നേടിയാല്‍ ടീം ഒന്നാം സ്ഥാനത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ വെറുമൊരു പരമ്പര വിജയമെന്നല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കുയര്‍ന്ന് ഫൈനല്‍ ഉറപ്പാക്കുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ടീമംഗങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണെന്ന് ന്യൂസിലാണ്ട് താരം ഹെന്‍റി നിക്കോള്‍സ് വ്യക്തമാക്കി.