ഹാർദ്ദിക് ഇന്ത്യയ്ക്കായി ന്യൂ ബോൾ എടുക്കണം – സുനിൽ ഗവാസ്ക‍‍ർ

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി ന്യൂ ബോള്‍ എടുക്കണമെന്ന അഭിപ്രായവുമായി സുനിൽ ഗവാസ്ക‍ർ.

ഹാര്‍ദ്ദിക് ഐപിഎലില്‍ തന്റെ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫൈനലില്‍ താരത്തിന്റെ ബൗളിംഗിന്റെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാനെ പിടിച്ച് കെട്ടിയത്. ബാറ്റിംഗിലും ഹാര്‍ദ്ദിക് മികച്ച് നിന്നപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഹാര്‍ദ്ദിക്കിന് ആദ്യ മത്സരത്തിൽ ഒരോവര്‍ മാത്രമാണ് ലഭിച്ചത്. അതിൽ തന്നെ താരം 3 സിക്സുകള്‍ വഴങ്ങി. ഡ്വെയിന്‍ പ്രിട്ടോറിയസ് ആ ഓവറിൽ 18 റൺസാണ് ഹാര്‍ദ്ദിക്കിനെതിരെ നേടിയത്.

ഹാര്‍ദ്ദിക് രണ്ടാം മത്സരത്തിൽ മൂന്നോവര്‍ എറിഞ്ഞുവെങ്കിലും 31 റൺസാണ് വഴങ്ങിയത്. ഹാര്‍ദ്ദിക് ഇന്ത്യയുടെ ഗെയിം ചേഞ്ചറാണെന്നും ഇന്ത്യന്‍ ടീമിന് മികച്ച സന്തുലിതാവസ്ഥയാണ് താരം നൽകുന്നതെന്നും സുനിൽ ഗവാസ്കര്‍ വ്യക്തമാക്കി.