ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്ന് ഹർദിക് പാണ്ഡ്യ പുറത്ത്

Staff Reporter

ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്. പുറം ഭാഗത്തേറ്റ പരിക്കിനെ തുടർന്ന് സർജറിക്ക് വിധേയനായ ഹർദിക് പാണ്ഡ്യക്ക് പൂർണമായി മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാതിരുന്നതോടെയാണ് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പാരമ്പയിൽ നിന്ന് പുറത്തായത്. ന്യൂസിലാൻഡിൽ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ വെച്ച് സർജറിക്ക് വിധേയനായ പാണ്ഡ്യ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. താരം ബെംഗളൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടർ ചികിത്സകൾ നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. നേരത്തെ ന്യൂസിലാൻഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിൽ നിന്നും ഫിറ്റ്നസ് തെളിയിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഹർദിക് പാണ്ഡ്യ പുറത്തുപോയിരുന്നു. തുടർന്ന് വിജയ് ശങ്കറാണ് താരത്തിന് പകരമായി ടീമിൽ ഇടം നേടിയത്.