ഇത്തരത്തിലുള്ള വിടവാങ്ങല്‍ സാധ്യമായതില്‍ അതിയായ സന്തോഷം, അഫ്ഗാനിസ്ഥാനെതിരെ ടി20 ജയമില്ലെന്ന ഭാരം ഇറക്കാനായി

Sports Correspondent

തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിടുമ്പോള്‍ ശക്തരായ അഫ്ഗാനിസ്ഥാനെതിരെ വിജയ ഇന്നിംഗ്സ് കുറിച്ച് മടങ്ങാനാകുന്നു എന്ന സന്തോഷത്തോടെയാണ് സിംബാബ്‍വേ നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ വിട വാങ്ങുന്നത്. ഐസിസി ഏര്‍പ്പെടുത്തിയ വിലക്കോടെ കരിയര്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ച താരം ഇന്ന് അഫ്ഗാനിസ്ഥാനെതിരെ 71 റണ്‍സുമായി വിജയം രചിച്ചാണ് മടങ്ങുന്നത്. തന്റെ വിടവാങ്ങല്‍ ഇത്തരത്തിലാകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹാമിള്‍ട്ടണ്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു യാത്രയയപ്പ് കിട്ടിയത് തന്നെ മധുരമേറിയ കാര്യമാണ്.

അഫ്ഗാനിസ്ഥാനെ ടി20യില്‍ തോല്‍പ്പിക്കുക എന്നത് വലിയ കാര്യമാണ്. ഇതിനെക്കുറിച്ച് ചേഞ്ചിംഗ് റൂമില്‍ ഞങ്ങള്‍ സംസാരിച്ചതാണ്, അഫ്ഗാനിസ്ഥാനെ ടി20യില്‍ തോല്‍പ്പിക്കുവാനായില്ലെന്ന ഭാരം ഇറക്കാനുള്ള ശ്രമം നടത്തണമെന്ന് സംസാരിച്ചത് സിംബാബ്‍വേ താരങ്ങള്‍ സാധ്യമാക്കിയിരിക്കുകയാണെന്നും ഹാമിള്‍ട്ടണ്‍ പറഞ്ഞു. അത് തന്റെ അവസാന മത്സരത്തില്‍ സാധിക്കാനായത് ഏറെ ശ്രദ്ധേയമായ കാര്യമാണെന്ന് കരുതുന്നുവെന്നും മസകഡ്സ പറഞ്ഞു.